• Sat. Feb 8th, 2025

24×7 Live News

Apdin News

പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം ഫെബ്രുവരി 12 മുതല്‍; 10 ന് മോദി പാരീസിലേക്ക് തിരിക്കും

Byadmin

Feb 8, 2025


ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനം ഫെബ്രു. 12, 13 തീയതികളില്‍. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായതിന് ശേഷം നടക്കുന്ന മോദിയുടെ ആദ്യ സന്ദര്‍ശനമാണിത്. ഫെബ്രു. പത്തിന് ഫ്രാന്‍സിലേക്ക് തിരിക്കുന്ന മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി നടത്തുന്ന കൂടിക്കാഴ്ചയ്‌ക്ക് ശേഷമാണ് വാഷിങ്ടണിലെത്തുക.

പാരീസില്‍ നടക്കുന്ന എഐ ആക്ഷന്‍ സമ്മിറ്റില്‍ മക്രോണിനൊപ്പം മോദി പങ്കെടുക്കും. യൂറോപ്പിന്റെ ഊര്‍ജ്ജ ഗവേഷണ കേന്ദ്രമായ കഡാഷിലും മോദിയും മക്രോണും സന്ദര്‍ശിക്കും. തെക്കന്‍ ഫ്രാന്‍സിലെ തുറമുഖ നഗരമായ മാസേയില്‍ പുതിയ ഭാരത കോണ്‍സുലേറ്റ് ഓഫീസ് ഉദ്ഘാടനം, ഭാരത- ഫ്രാന്‍സ് സിഇഒ ഫോറം എന്നീ പരിപാടികളിലും മോദി പങ്കെടുക്കും.

ജനുവരി 20ന് യുഎസ് പ്രസിഡന്റ് സ്ഥാനത്തെത്തിയ ശേഷം രണ്ടാമത്തെ രാഷ്‌ട്രത്തലവനുമായി ട്രംപ് നടത്തുന്ന കൂടിക്കാഴ്ചകളാണ് മോദിയുമായി നടക്കുന്നത്. കഴിഞ്ഞ ദിവസം ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ട്രം
പ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഫെബ്രുവരി 13ന് വൈറ്റ് ഹൗസില്‍ ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടക്കും. ഇറക്കുമതി തീരുവ സംബന്ധിച്ച വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം കൂടുതല്‍ ശക്തമാക്കുന്ന വിഷയങ്ങളിലും കരാറുകളുണ്ടാകും. മോദി- ഇലോണ്‍ മസ്‌ക് കൂടിക്കാഴ്ചക്കും സാധ്യതയുണ്ട്.

ട്രംപിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രു. 12, 13 തീയതികളില്‍ യുഎസിലേക്ക് തിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തിയ ശേഷമുള്ള മോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്. യുഎസില്‍ പുതിയ ഭരണകൂടം ചുമതലയേറ്റെടുത്ത് രണ്ടാഴ്ചയ്‌ക്കുള്ളിലാണ് മോദിക്ക് സന്ദര്‍ശനത്തിന് ക്ഷണം ലഭിക്കുന്നത്. ഭാരതവും യുഎസും തമ്മിലുള്ള പങ്കാളിത്തം എത്രത്തോളം ശക്തമാണെന്നതിന്റെ സൂചനയാണിത്, വിക്രം മിസ്രി പറഞ്ഞു.

അനധികൃതമായി യുഎസിലേക്ക് കടന്ന ഭാരത പൗരന്മാരെ മടക്കിയെത്തിക്കുന്ന വിഷയത്തില്‍ യുഎസുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും നിരവധി വര്‍ഷങ്ങളായി നടക്കുന്ന കാര്യമാണിതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. മടക്കിയയച്ചവരെ വിലങ്ങുകളണിയിച്ച സംഭവത്തില്‍ യുഎസ് അധികൃതരുമായി സംസാരിക്കുകയാണെന്നും മോശം പെരുമാറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ നിരന്തരം ഇടപെടല്‍ നടത്തുന്നുണ്ടെന്നും വിദേശകാര്യ സെക്രട്ടറി അറിയിച്ചു.

അനധികൃത കുടിയേറ്റത്തിനെതിരായ നടപടികള്‍ ശക്തമാക്കേണ്ടതുണ്ട്. 498 ഭാരത പൗരന്മാരെയാണ് നാടുകടത്താനായി തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ 298 പേരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ടെന്നും മിസ്രി അറിയിച്ചു.



By admin