
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം മാത്രം കേരളത്തില്‍ ചര്‍ച്ചാവിഷയമാകുന്നുവെന്ന വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറും. പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടികളില്‍ സംസാരിക്കവേയാണ് ഇരുവരും രാഹുല്‍ വിഷയം കേരളത്തിലെ മുഖ്യ ചര്‍ച്ചാവിഷയമാകുന്നതിലെ അതൃപ്തി അറിയിച്ചത്.
കേരളത്തെപ്പോലെ ഒരു സംസ്ഥാനത്ത് ചര്‍ച്ചകളിലെല്ലാം രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലെയൊരു യുവാവ് നിറഞ്ഞുനില്‍ക്കുന്നത് നിലവാരത്തകര്‍ച്ചയാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയമല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടതെന്നും കേരളത്തിലെ രാഷ്‌ട്രീയ അജണ്ട മാറണമെന്നും ശ്രേയാംസും പറഞ്ഞു.
കോണ്‍ഗ്രസിലെ മാഫിയാ സംഘം പ്രണയത്തെ പോലും മലീമസമാക്കുകയാണെന്നും സ്ത്രീത്വത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയെയടക്കം വായടപ്പിക്കുന്ന യങ്ങ്‌സ്റ്റേഴ്‌സ് മാഫിയാ സംഘമാണ് കോണ്‍ഗ്രസിലുള്ളത്. ഈ സംഘം കോണ്‍ഗ്രസിന്റെ നാശത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ ബാധിക്കുന്ന കാര്യങ്ങളാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും വ്യവസായം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, സെക്രട്ടറി പി.കെ. സജിത്ത് പങ്കെടുത്തു.