
മലപ്പുറം: മുത്ത് നബിയെ ഇത്തിരിയെങ്കിലും സ്‌നേഹിക്കുന്ന ഒരു സത്യവിശ്വാസിക്കും ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ തള്ളിപ്പറയാൻ സാധിക്കില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി നേതാവ്. പ്രവാചകനാണ് ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനെന്നും ജമാഅത്തെ ഇസ്‌ലാമി ശൂറ അംഗം ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശൈഖ് മുഹമ്മദ് കാരക്കുന്ന് നിലപാട് വ്യക്തമാക്കിയത്. കാന്തപുരം അബൂബക്കർ മുസ്‌ലിയാർ ജമാഅത്തെ ഇസ്‌ലാമിയുടെ ഇസ്‌ലാമിക് റിപ്പബ്ലിക്ക് വാദത്തെ തള്ളിപ്പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്‌ലാമി ഇസ്‌ലാമിക റിപ്പബ്ലിക്കിന്റെ വക്താക്കളാണെന്ന് കാന്തപുരം പറഞ്ഞിരുന്നു. നയം മാറ്റിയതായി ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്നും കാന്തപുരം പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നേരത്തെയും കാന്തപുരം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജമാഅത്തെ ഇസ്‌ലാമി ശൂറ അംഗം ശൈഖ് മുഹമ്മദ് കാരക്കുന്ന് ഫേസ്ബുക്കിൽ തന്റെ നിലപാട് വ്യക്തമാക്കിയത്. മുസ്‌ലിം ഭൂരിപക്ഷമല്ലാത്ത പ്രദേശത്തും ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപിതമായിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് കാരക്കുന്ന് ചൂണ്ടിക്കാട്ടുന്നു.
ശൈഖ് മുഹമ്മദ് കാരക്കുന്ന് ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഇസ്ലാമിക് റിപ്പബ്ലിക്കിനെ സത്യവിശ്വാസികൾ തള്ളിപ്പറയുമോ?
‘പ്രവാചകനാണ് ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകൻ. അതിന്റെ ആസ്ഥാനം മദീനയായിരുന്നു. ഒരു തുള്ളി ചോര പോലും ചീന്താതെയാണ് അത് സ്ഥാപിതമായത്. അതിന്റെ നായകനെ അന്നാട്ടുകാർ സ്വാഗതമോതി സ്വീകരിക്കുകയായിരുന്നു. തങ്ങളുടെ ഭരണാധികാരിയാക്കുകയായിരുന്നു. തങ്ങളുടെ നാടിന് അദ്ദേഹത്തിന്റെ പേര് നൽകുകയായിരുന്നു, മദീനത്തുന്നബി. അത് ഒരു ആദർശാധിഷ്ഠിത മാനവിക ബഹുസ്വര രാഷ്‌ട്രമായിരുന്നു.
അവിടത്തെ മുസ്‌ലിം ജനസംഖ്യ 15 ശതമാനം മാത്രമായിരുന്നു. ചരിത്രത്തിലെ എക്കാലത്തെയും സമാനതകളില്ലാത്ത ആ റിപ്പബ്ലിക്കിന്റെ ഭരണാധികാരി ഉമറുൽ ഫാറൂഖിന്റെ കാലത്ത് മുസ്‌ലിം ജനസംഖ്യ നാലു ശതമാനത്തിൽ താഴെയായിരുന്നു. ഇസ്‌ലാമിക് റിപ്പബ്ലികിനെ വിമർശിക്കുന്നവർ അതിനെ പഠന വിധേയമാക്കണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. മുത്ത് നബിയെ ഇത്തിരിയെങ്കിലും സ്‌നേഹിക്കുന്ന ഒരു സത്യവിശ്വാസിക്കും അതിനെ തള്ളിപ്പറയാനാവില്ല’,