
കണ്ണൂര്‍: വിവരാവകാശ അപേക്ഷകള്‍ സ്വീകരിക്കുന്നതിന് പ്രത്യേക സമയം നിശ്ചയിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ നടപടി നിയമവിരുദ്ധമാണെന്നും ഓഫീസുകളുടെ പ്രവൃത്തി സമയമായ രാവിലെ 10നും വൈകിട്ട് അഞ്ചിനുമിടയില്‍ ഏതു സമയത്തും അപേക്ഷകള്‍ സ്വീകരിക്കേണ്ടതാണെന്നും വിവരാവകാശ കമ്മീഷണര്‍ അഡ്വ.ടി.കെ.രാമകൃഷ്ണന്‍ പറഞ്ഞു.
കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ സമയം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി മടക്കിയതില്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നിര്‍ദ്ദേശം. ഇത്തരം അപേക്ഷകള്‍ നിരസിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും കമ്മീഷന്‍ പറഞ്ഞു.
വിവരാവകാശ അപേക്ഷകള്‍ക്ക് കൃത്യവും വ്യക്തവുമായ മറുപടി നല്‍കണം. ഉപ ചോദ്യങ്ങള്‍ ഒഴിവാക്കി അവ്യക്തമായ മറുപടി നല്‍കുന്നത് കുറ്റകരമാണ്. വിവരാവകാശ അപേക്ഷക്ക് സമയപരിധി കഴിഞ്ഞും മറുപടി നല്‍കാതിരിക്കുകയും പിന്നീട് കമ്മീഷനില്‍ കേസ് വന്ന ശേഷം റിപ്പോര്‍ട്ട് ആവശ്യപ്പെടുമ്പോള്‍ മറുപടി നല്‍കുകയും ചെയ്യുന്ന പ്രവണത ഉദ്യോഗസ്ഥര്‍ പിന്തുടരുന്നുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ല. അപേക്ഷ ലഭിച്ച് 30 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം. ഒരേ വിഷയത്തില്‍ നിരന്തരം അപേക്ഷ നല്‍കുന്നത് വിവരാവകാശത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളയും.