തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നേരിട്ട് പങ്കെടുത്ത് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ. തുടർച്ചയായി സെനറ്റ് യോഗങ്ങൾ നടത്തണമെന്നും പ്രശ്നങ്ങൾ ഒന്നിച്ചിരുന്ന് പരിഹരിക്കണമെന്നും ചാൻസലറായ ഗവർണർ നിർദേശം നൽകി.
സർവകലാശാലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ എപ്പോൾ വേണമെങ്കിലും സെനറ്റ് അംഗങ്ങൾക്ക് രാജ് ഭവനിലേക്ക് വരാമെന്നും അദ്ദേഹം പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടം തുടർന്നുപോകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഒന്നിച്ചു പ്രവർത്തിക്കാം. ചാൻസിലർ എന്ന നിലയിൽ ആ സംവിധാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എത്ര സെനറ്റ് യോഗങ്ങൾ സംഘടിപ്പിച്ചുവെന്ന ഗവർണറുടെ ചോദ്യത്തിന് ഇതുവരെ ഒരു യോഗവും ചേർന്നിട്ടില്ലെന്നു അംഗങ്ങൾ പറഞ്ഞു. നമുക്ക് അത് തിരുത്താമെന്നു ഗവർണർ പറഞ്ഞു. യോഗങ്ങൾ തുടർച്ചയായി ചേരണമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കുട്ടികൾ സംസ്ഥാനം വിട്ട് പോകുന്നതിൽ അദ്ദേഹം ആശങ്ക പങ്കുവയ്കേകുകയും ചെയ്തു.
ബീഹാറിൽ +2 കഴിയുന്ന കുട്ടികൾ സംസ്ഥാനം വിടുകയാണ്. നളന്ദ ഉൾപ്പെടെ വലിയ വിദ്യാഭ്യാസ പാരമ്പര്യമുള്ള ഇടത്ത് നിന്ന് എന്തുകൊണ്ട് കുട്ടികൾ പുറത്ത് പോകുന്നു? കേരളത്തിലും സമാനമായ സാഹചര്യമാണ്. ഇത്ര പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടായിട്ടും കുട്ടികൾ എന്ത്കൊണ്ട് സംസ്ഥാനം വിടുന്നു? നമ്മൾ ഓരോരുത്തരും ഈ ചോദ്യം സ്വയം ചോദിക്കണം. ഇതിൽ മാറ്റമുണ്ടാക്കാൻ നമുക്ക് കഴിയണം. ഈ ഒഴുക്ക് തടയണം എന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർത്ഥി കേന്ദ്രീകൃതമാണ് പുതിയ നയം. തൊഴിൽ അന്വേഷകന് പകരം തൊഴിൽ ദാതാവാകാൻ നമുക്ക് കഴിയണം. സംരംഭക വികസന സെല്ലുകൾ ഉണ്ടാവണം. ലഹരിക്കെതിരെ ക്യാമ്പയിൻ നടത്തണം. മാസത്തിൽ ഒരു ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ ദിനമായി ആചരിക്കണം. ക്യാമ്പസുകളിൽ ലഹരി ഉപഭോഗമോ വിൽപ്പനയോ ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഇക്കാര്യം സമുഹത്തോട് ഉറക്കെ വിളിച്ചു പറയാൻ നമുക്ക് കഴിയണം. അപ്പോഴാണ് സമൂഹവും ഈ മുന്നേറ്റത്തോടൊപ്പം ചേരുക എന്നും അദ്ദേഹം പറഞ്ഞു.
ഗവർണർമാർ, ചാൻസലർമാർ സെനറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നത് അസാധരണമല്ലെങ്കിലും കേരളത്തിൽ അങ്ങനെയൊരു പതിവില്ല. ഈ പതിവ് തെറ്റിച്ചുകൊണ്ടാണ് ഗവർണർ സെനറ്റ് യോഗങ്ങളിൽ പങ്കെടുക്കുന്നത്.