
ന്യൂദല്‍ഹി: എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയ്‌ക്ക് ഒപ്പം താനുണ്ടെന്ന് അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെയുള്ള രാഷ്‌ട്രങ്ങള്‍ക്കും പാകിസ്ഥാനും തുര്‍ക്കിയും ഉള്‍പ്പെടെയുള്ള ഇസ്ലാമിക മൗലികവാദശക്തികള്‍ക്കും താക്കീത് നല്‍കുകയായിരുന്നു പുടിന്‍. അതിനൊപ്പം ഇന്ത്യയുടെ പുരോഗതിക്കും നന്മയ്‌ക്കും കൈത്താങ്ങായി താന്‍ ഒപ്പമുണ്ടെന്ന സന്ദേശവും ഇന്ത്യാസന്ദര്‍ശനത്തില്‍ പുടിന്‍ നല്‍കി.
ഒരു പ്രസംഗത്തിനിടയില്‍ മോദിയുടെ സ്ഥിരം കാഴ്ചപ്പാട് പുടിന്‍ പറയുകയുണ്ടായി. ഇത് മാധ്യമപ്രവര്‍ത്തകരിലും കൗതുകമുണര്‍ത്തിയിരുന്നു. സബ് കാ സാത്ത് സബ് കാ വികാസ് എന്ന സങ്കല്‍ം നല്ലതാണെന്നും അത് റഷ്യ നടപ്പാക്കുന്ന ഒന്നാണെന്നും പുടിന്‍ പറഞ്ഞു.
മോദി പുടിന് പലതും സമ്മാനിച്ച കൂട്ടത്തില്‍ ഒന്ന് ഭഗവദ് ഗീതയായിരുന്നു. അതും റഷ്യന്‍ ഭാഷയില്‍ വിവര്‍ത്തനം ചെയ്ത ഭഗവദ് ഗീത. ഇന്ത്യയുടെ ആത്മീയചിന്തയുടെ നെടുംതൂണുകളില്‍ ഒന്നായ ഭഗവദ്ഗീത പുടിന് സമ്മാനിച്ചത് പുടിനെ കൂടുതല്‍ ഇന്ത്യയുമായി അടുപ്പിക്കാനുള്ള മോദിയുടെ ശ്രമത്തിന്റെ ഭാഗമായിരുന്നു. മിക്ക പ്രസംഗത്തിലും ഭഗവദ്ഗീത ഉദ്ധരിക്കാറുള്ള നേതാവാണ് മോദി. പണ്ട് സെര്‍ബിയ എന്ന രാജ്യം ഭഗവദ്ഗീത നിരോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഭഗവദ്ഗീത ഉയര്‍ത്തിപ്പിടിച്ച നേതാവാണ് പുടിന്‍. ബൈബിള്‍പോലെ തന്നെ ഭഗവദ്ഗീതയിലും കാലത്തെ അതിജീവിക്കുന്ന ദര്‍ശനങ്ങള്‍ ഉണ്ടെന്ന് പുടിന്‍ അന്ന് വിശദീകരിച്ചിരുന്നു.
പാലം വിമാനത്താവളത്തില്‍ പുടിന്‍ തന്റെ പറക്കും ക്രെംലിന്‍ എന്ന ഇല്യൂഷിന്‍ -96 വിമാനത്തില്‍ ഇറങ്ങിയപ്പോള്‍ എല്ലാ പ്രൊട്ടോക്കോളുകളും ലംഘിച്ച് അവിടെ എത്തുകയായിരുന്നു മോദി. ഇരുവരും ഗാഢാമായി ആശ്ലേഷിച്ച ശേഷം പുറത്തിറങ്ങി. ഇതും ലോകത്തിനുള്ള സന്ദേശമായിരുന്നു. ഇന്ത്യയും റഷ്യയും ഒന്നാണെന്ന സന്ദേശം. ഇതിന് ശേഷമാണ് പുടിന്‍ എത്രമാത്രം മോദിയെ വിശ്വസിക്കുന്നു എന്ന് വ്യക്തമാക്കുന്ന സംഭവം നടന്നത്. മോദി കൊണ്ടുവന്ന ഫോര്‍ച്യൂണര്‍ കാറിനകത്തേക്ക് പുടിന്‍ കൂസലില്ലാതെ കയറുകയായിരുന്നു. വിദേശരാജ്യങ്ങളില്‍ എത്തിയാല്‍ സാധാരണ സ്വന്തം ലിമോസിന്‍ കാറായ ഓറസ് സെനറ്റിലാണ് പുടിന്‍ യാത്ര ചെയ്യുക പതിവ്. ഇന്ത്യയിലും പുടിനെ കാത്ത് വിമാനത്താവളത്തിന് പുറത്ത് എല്ലാ സായുധ സംവിധാനങ്ങളും ഉള്ള ലിമോസിന്‍ കിടപ്പുണ്ടായിരുന്നു. എന്നാല്‍ അതില്‍ കയറാതെ പുടിന്‍ മോദിയുടെ ഫോര്‍ച്യുണറില്‍ കയറി. അമേരിക്കയും 32 രാജ്യങ്ങളുള്ള നേറ്റോയും പുടിനെതിരെ ഒരു ആക്രമണം പോലും ആസൂത്രണം ചെയ്യാന്‍ മടിക്കില്ലെന്ന ഘട്ടത്തില്‍ കൂടി സുഹൃത്തായ മോദി കൊണ്ടുവന്ന കാറില്‍ കയറിയത് ഒരു കാര്യം ലോകത്തോട് വിളിച്ചുപറയാനാണ്. മോദിയ്‌ക്കൊപ്പം താനുമുണ്ടെന്ന് വിളംബരം.
മോദിയുടെ വസതിയിലേക്ക് ഇരുവരും ഫോര്‍ച്യുണറില്‍ നീങ്ങുമ്പോള്‍ പിന്നില്‍ ഇവര്‍ക്കായി അകമ്പടി സേവിച്ചാണ് ഇക്കുറി ഓറസ് സെനറ്റ് കാലിയായി പിന്നാലെ ഓടുകയായിരുന്നു. ഈ അസാധാരണ സംഭവം അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വരെ ചൂടന്‍ ചര്‍ച്ചാ വിഷയമാണ്.
ഇന്ത്യ-റഷ്യ വ്യാപാരത്തില്‍ നിലനില്‍ക്കുന്ന അപര്യാപ്തതകള്‍ പരിഹരിക്കാമെന്ന് പുടിന്‍ സമ്മതിച്ചത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. റഷ്യയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ ആണ് ഇന്ത്യയില്‍ നിന്നും റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങളേക്കാള്‍ കൂടുതലുള്ളത്. ഈ പ്രശ്നം ഇന്ത്യ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇത് പരിഹരിക്കാനുള്ള കാര്യങ്ങള്‍ ആലോചിക്കാമെന്നാണ് പുടിന്‍ വാഗ്ദാനം ചെയ്തത്. ഇതുവഴി ഇന്ത്യ റഷ്യ വ്യാപാരം പതിനായിരം കോടി ഡോളറിലേക്ക് മാറ്റുമെന്നും പുടിന്‍ പറഞ്ഞു.
കൂടങ്കുളം ആണവ നിലയത്തിനെ മുഴുവന്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ആണവോര്‍ജ്ജം റഷ്യ നല്‍കാമെന്നും ഈ ആണവനിലയത്തെ ഇന്ത്യയുടെ ഊര്‍ജ്ജ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വലിയൊരു കേന്ദ്രമാക്കി മാറ്റാന്‍ സഹായിക്കുമെന്നും പുടിന്‍ പറഞ്ഞത് ഗൗരവമുള്ള കാര്യമാണ്. പുടിന്റെ വാക്കുകള്‍ ശരിവെയ്‌ക്കുന്ന തരത്തില്‍ തൊട്ടുപിന്നാലെ റഷ്യയുടെ ആണവോര്‍ജ്ജകമ്പനി കൂടങ്കുളം ആണവനിലയത്തിലെ നാല് ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഇന്ധനം നല്‍കാമെന്ന് അറിയിച്ചിരിക്കുകയാണ്.
ഇനി മറ്റൊരു കാഴ്ച മഹാത്മാഗാന്ധിയുടെ ശവകുടീരത്തോട് പുടിന്‍ കാണിച്ച ആദരവാണ്. അവിടേക്ക് പ്രവേശിക്കും മുന്‍പേ കാലിലെ പാദരക്ഷകള്‍ ഊരി മാറ്റിവെച്ച് നഗ്നപാദനായാണ് പുടിന്‍ പൂക്കളര്‍പ്പിക്കാനായി നടന്നത്. ഇനി പ്രതിരോധരംഗത്ത് എന്തൊക്കെ കരാറിലാണ് ഇരുരാജ്യങ്ങളും ഏര്‍പ്പെടാന്‍ പോകുന്നതെന്ന് വെള്ളിയാഴ്ചയ്‌ക്ക് ശേഷമേ അറിയാന്‍ സാധിക്കൂ. എന്തായാലും ആഗോളസംഘര്‍ഷസമയത്ത് പുടിന്റെ ഇന്ത്യയിലേക്കുള്ളവരവും അദ്ദേഹത്തിന് ഇന്ത്യ നല്‍കിയ ഊഷ്മളസ്വീകരണവും പാശ്ചാത്യരാജ്യങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.
ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതില്‍ തെറ്റില്ലെന്ന പുടിന്റെ പ്രസ്താവന ട്രംപിനുള്ള പരോക്ഷ സന്ദേശമാണ്. അമേരിക്കയ്‌ക്കുള്ള മുഴുവന്‍ ആണവോര്‍ജ്ജവും നല്‍കുന്നത് തങ്ങളാണെന്നും എന്തിന് അമേരിക്കയ്‌ക്ക് ആണവായുധം സൃഷ്ടിക്കാനുള്ള സമ്പുഷ്ടീകരിച്ച യുറേനിയം വരെ റഷ്യ നല്കുന്നുണ്ടെന്നമുള്ള പുടിന്റെ പ്രസ്താവന ആഗോളമാധ്യമങ്ങളില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.