സ്ത്രീകളുടെ ജോലിസ്ഥലത്തെ അവകാശങ്ങളെക്കുറിച്ചുള്ള സുപ്രധാന വിധിയില്‍, സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് മൂന്നാമത്തെ കുട്ടിയുടെ ജനനത്തിന് പ്രസവാവധി നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി വെള്ളിയാഴ്ച റദ്ദാക്കി. പ്രസവാവധി ന്യായമോ സാമൂഹിക നീതിയോ മാത്രമല്ല, ഭരണഘടനാപരമായ ഉറപ്പ് കൂടിയാണെന്ന് സുപ്രീം കോടതി പറഞ്ഞു.
മാന്യതയോടും നീതിയോടും ബന്ധപ്പെട്ടതാണ് പ്രസവാവധി
ജോലി ചെയ്യുന്ന സ്ത്രീകളുടെ ആരോഗ്യത്തിനും അന്തസ്സിനും പിന്തുണ നല്‍കുന്നതില്‍ പ്രസവാവധി നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ‘സ്ത്രീകള്‍ ഇപ്പോള്‍ തൊഴില്‍ ശക്തിയുടെ ഗണ്യമായ ഭാഗമാണ്, അവരെ ബഹുമാനത്തോടെയും അന്തസ്സോടെയും പരിഗണിക്കണം,’ ബെഞ്ച് പറഞ്ഞു.
പ്രസവാവധി സ്ത്രീകള്‍ക്ക് ഊര്‍ജം വീണ്ടെടുക്കാനും അവരുടെ കുഞ്ഞിനെ മുലയൂട്ടാനും ജോലിയുടെ പ്രകടനം നിലനിര്‍ത്താനും സഹായിക്കുമെന്ന് ജഡ്ജിമാര്‍ വിശദീകരിച്ചു. ഗര്‍ഭധാരണം സ്ത്രീയുടെ ശരീരത്തെയും മനസ്സിനെയും ഒരുപോലെ ബാധിക്കുന്നുവെന്നും മാതൃത്വത്തിലും കുട്ടിക്കാലത്തും ശ്രദ്ധ വേണമെന്നും കോടതി ഊന്നിപ്പറഞ്ഞു.