• Mon. Oct 20th, 2025

24×7 Live News

Apdin News

പ്രിയങ്ക് ഖാർഗെയുടെ മണ്ഡലത്തിൽ ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു; കാവിക്കൊടികൾ നീക്കം ചെയ്തു

Byadmin

Oct 20, 2025


ബംഗളൂരു: കർണാടകയിലെ സർക്കാർ സ്ഥാപനങ്ങളും സ്കുളുകളും ഉൾപ്പെടെ പൊതു ഇടങ്ങളിൽ ആർ.എസ്.എസ് പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന മന്ത്രി പ്രിയങ്ക് ഖാർഗെയുടെ ആവശ്യത്തിനു പിന്നാലെ അദ്ദേഹത്തിന്റെ മണ്ഡലമായ ചിറ്റാപൂരിൽ ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു. ഒക്ടോബർ 19 ഞായറാഴ്ച (ഇന്ന്) നടത്താൻ തീരുമാനിച്ച ആർ.എസ്.എസ് പഥസഞ്ചലനത്തിനാണ് ക്രമസമാധാന പ്രശ്നം ചൂണ്ടികാണിച്ച് ചിറ്റാപൂർ തഹസിൽദാർ നാഗയ്യ ഹിർമത് അനുമതി നിഷേധിച്ചത്.

ഭീം ആർമിയുടെയും ദളിത് പാന്തേഴ്സിന്റെയും നേതൃത്വത്തിൽ ഇതേ ദിവസം റോഡ് ഷോ നടക്കുന്നതിനാൽ ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി നൽകാൻ കഴിയില്ലെന്നും, ക്രമസമാധാന ഭീഷണിയുള്ളതിനാൽ അനുമതി നൽകരുതെന്ന് പൊലീസ് അറിയിച്ചതായും തഹസിൽദാർ വ്യക്തമാക്കി.

സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങളി​ൽ ആർ.എസ്.എസ് പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന ഐ.ടി-ബി.ടി, ഗ്രാമവികസന മന്ത്രിയും എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക് ഖാർഗെ നൽകിയ അപേക്ഷയും, തുടർന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടികളും സംഘ്പരിവാർ കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചിരുന്നു. തമിഴ്നാട് മാതൃകയിൽ നടപടികൾ സ്വീകരിക്കാനുള്ള സാധ്യതകൾ പഠിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിർദേശം നൽകിയതിനു പിന്നാലെ മുതിർന്ന ബി.ജെ.പി നേതാക്കളും മറ്റും സർക്കാറിനും പ്രിയങ്ക് ഖാർഗെക്കുമെതിരെ ​രംഗത്തെത്തി.

ഇതിനു പിന്നാലെയാണ് പ്രിയങ്ക് ഖാർഗെയുടെ തട്ടകമായ ചിറ്റാപൂരിൽ ശക്തിപ്രകടനമായി വിജയദശമി ദിനാഘോഷ റൂട്ട് മാർച്ച് നടത്താൻ തീരുമാനിച്ചത്. വലിയ സന്നാഹങ്ങളോടെയാണ് സംഘടന പഥസഞ്ചലന പരിപാടിക്ക് ഒരുങ്ങിയത്. ചിറ്റാപൂരിലെ പ്രധാന റോഡുകളിലെ സ്ഥലങ്ങളിൽ കാവി പതാകകളും കൂറ്റൻ കട്ടൗട്ടുകളും സ്ഥാപിച്ച് സംഘശക്തി ​പ്രകടിപ്പിക്കാനുള്ള തയ്യാറെടുപ്പുകളെയും സർക്കാർ തടഞ്ഞു.

അനുമതിയില്ലാതെയാണ് നഗരത്തിൽ ബാനറുകളും പോസ്റ്ററുകളും കട്ടൗട്ടുകളും സ്ഥാപിച്ചതെന്ന് ചൂണ്ടികാട്ടി ശനിയാഴ്ചയോടെ പൊലീസ് എല്ലാം നീക്കം ചെയ്തു. നഗര ഭരണസമിതിയുടെ അനുമതിയില്ലാതെയാണ് പോസ്റ്ററുകളും ബാനറും തോരണങ്ങളും സ്ഥാപിച്ചതെന്ന് അറിയിച്ചാണ് മുനിസിപ്പൽ അധികൃതരുടെ നേതൃത്വത്തിൽ എല്ലാ തോരണങ്ങളും നീക്കം ചെയ്തു. തൊട്ടുപിന്നാലെ, തഹസിൽദാർ റൂട്ട് മാർച്ച് അനുമതി ​തേടിയുള്ള അപേക്ഷയും നിരസിച്ചു. പൊലീസ് സുപ്രണ്ട് അഡുർ ശ്രീനിവാസുലുവിന്റെ നേതൃത്വത്തിൽ നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിച്ചു.

സർക്കാർ ഉടമസ്ഥതയിലെ വസ്തുക്കളും സ്ഥലങ്ങളും സ്വകാര്യപരിപാടികൾക്കായി ഉപയോഗിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങണമെന്ന് ശനിയാഴ്ച സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു.

By admin