
‘പ്രിയം’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് പ്രിയാ നായർ. പ്രിയത്തിനു ശേഷം ദീപയുടേതായി സിനിമകളൊന്നും എത്തിയിരുന്നില്ല . ഇപ്പോൾ അതിന്റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം.സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം കാരണം വെളിപ്പെടുത്തിയത്.‘പ്രിയ’ത്തിന് ശേഷം എന്തുകൊണ്ട് അഭിനയിച്ചില്ലെന്ന ആരാധകരുടെ ചോദ്യത്തിന് മുൻപ് പങ്കുവച്ച റീൽ ഒന്നുകൂടെ പോസ്റ്റ് ചെയ്താണ് ദീപ നായർ മറുപടി നൽകിയത്
പ്രിയം’ കഴിഞ്ഞ് രണ്ടു മൂന്ന് ഓഫറുകൾ വന്നെങ്കിലും അവയൊന്നും മികച്ച കഥാപാത്രങ്ങളായിരുന്നില്ലെന്ന് ദീപ പറഞ്ഞു. പഠനം കഴിഞ്ഞ് സിനിമയിൽ സജീവമാകാമെന്ന് കരുതിയെങ്കിലും പിന്നീട് അവസരങ്ങളൊന്നും തേടിയെത്തിയില്ലെന്നും ദീപ പറഞ്ഞു.
‘ പ്രിയത്തിലെ അനുഭവം അത്ര മോശമായിരുന്നതുകൊണ്ടാണോ എന്നൊക്കെ പലരും ചോദിക്കുന്നുണ്ട്. എന്തായാലും അതല്ല കാരണം. പ്രിയം സിനിമയുടെ സെറ്റ് അത്രയും അടിപൊളി ആയിരുന്നു. കുട്ടികളുമൊക്കെയായി ഭയങ്കര രസമായിരുന്നു. എന്താണ് സംഭവിച്ചതെന്നുവച്ചാൽ, സിനിമയിലേക്കുള്ള എന്റെ എൻട്രി പോലെത്തന്നെ അപ്രതീക്ഷിതമായിരുന്നു എക്സിറ്റും.
പ്രിയം കഴിഞ്ഞപ്പോൾ രണ്ട് മൂന്ന് സിനിമയിലേക്ക് അവസരങ്ങൾ വന്നിരുന്നു. പക്ഷെ അതൊന്നും എന്റെ എഞ്ചിനീയറിങ് പഠനം കളഞ്ഞുപോയി ചെയ്യാൻ മാത്രം നല്ല കഥാപാത്രങ്ങളായിരുന്നില്ല. അപ്പോൾ, എഞ്ചിനീയറിങ് പഠനം കഴിഞ്ഞ് ഇനി സിനിമകൾ ചെയ്യാമെന്ന് ഞാനും അച്ഛനും അമ്മയും ചേർന്ന് തീരുമാനമെടുത്തു.
സത്യം പറയാലോ, പഠനം കഴിഞ്ഞ ശേഷം ഒറ്റ ഓഫർ പോലും വന്നില്ല. ഒന്നര ഒന്നേമുക്കാൽ വർഷമായിരുന്നു ഞാൻ ഗ്യാപ്പ് എടുത്തത്. ആ സമയത്തിനുള്ളിൽ എന്റെ പ്രസ്ക്തി നഷ്ടമായി എന്നതാണ് സത്യം. ഇന്നത്തെപ്പോലെ സോഷ്യൽ മീഡിയ സജീവമായ കാലമല്ല അത്. എന്റെ പ്രവർത്തന മേഖലയും സിനിമയുമായി ബന്ധപ്പെട്ട് ആയിരുന്നില്ല.
അങ്ങനെ ആളുകൾ എന്നെ മറന്നുപോയി എന്നതാണ് വസ്തുത. മാത്രമല്ല, ആ സമയത്ത് നവ്യാ നായർ, മീര ജാസ്മിൻ ഭാവന തുടങ്ങിയ നല്ല മിടുക്കികളായിട്ടുള്ള ഒരുപാട് നായികമാർ വന്നു. അപ്പോൾ ഇങ്ങനെയൊരാളുണ്ട് എന്ന കാര്യം തന്നെ ആളുകൾ മറന്നുപോയി. അതാണ് ശരിക്കും സംഭവിച്ചത്.
ഞാൻ പഠിത്തത്തിൽ അത്ര മോശമല്ലാത്തതുകൊണ്ട്, എനിക്ക് തുടർന്ന് പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പുറത്തു പോയി മാസ്റ്റേഴ്സ് ചെയ്യണമെന്നും വലിയ ആഗ്രഹമായിരുന്നു. അങ്ങനെയാണ് മെൽബൺ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ചെയ്യുന്നത്. മാസ്റ്റേഴ്സ് കഴിഞ്ഞയുടനെ ജോലിയും ആരംഭിച്ചു. അങ്ങനെയാണ് സിനിമയിൽ നിന്ന് പൂർണമായി മാറിപ്പോയത്.’’ – എന്നും ദീപ പറയുന്നു.