• Sat. Apr 18th, 2026

24×7 Live News

Apdin News

പ്രിയപ്പെട്ടവർക്ക് വിട… മൃതദേഹങ്ങളുമായി ആംബുലന്‍സ് സ്കൂൾ മുറ്റത്ത്

Byadmin

Apr 18, 2026



മലപ്പുറം: വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഒമ്പത് പേരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനായി പാങ്ങ് എച്ച് എസ് എസിൽ എത്തിച്ചു. പൊള്ളാച്ചിയിൽ നിന്ന് വിലാപയാത്രയായി എത്തിയ ആംബുലൻസുകളെ വിങ്ങലോടെയാണ് നാട് വരവേറ്റത്. പ്രധാനാധ്യാപിക അജിത ടീച്ചർ, അധ്യാപകരായ ആശ, റംല, ഷക്കീന, മജീദ് മാസ്റ്റർ, അദ്ദേഹത്തിന്റെ ഭാര്യ റുഖിയ, സഹായി സാജിത, സുഹറ ടീച്ചർ, പന്ത്രണ്ടുകാരൻ ഹിഷാം എന്നിവരുടെ ഭൗതികശരീരങ്ങളാണ് സ്കൂളിലെത്തിച്ചത്.

സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യം മൃതദേഹങ്ങൾ കാണാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. ഒന്നര മണിക്കൂർ നീളുന്ന പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ പ്രിയപ്പെട്ടവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. കുട്ടികൾക്കുണ്ടായ കടുത്ത മാനസികാഘാതം കണക്കിലെടുത്ത് അവർക്ക് കൗൺസിലിംഗ് നൽകുമെന്ന് മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റ മൂന്ന് പേർ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ട്രാവലർ ഓടിച്ചിരുന്ന ഫാസിത്ത്, സ്കൂളിലെ ഡ്രൈവർ നൗഷാദ് (39), സാജിതയുടെ മകൻ ഷഹാദിൻ (11), മസ്നീൻ (10) എന്നിരാണ് ചികിത്സയിലുള്ളത്. നൗഷാദ്, ഫാസിത്ത് എന്നിവർ കോയമ്പത്തൂർ ആശുപത്രിയിലും പതിനൊന്നുകാരി പെരിന്തൽമണ്ണയിലെ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

അര്‍ധരാത്രി 12 മണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‍മോര്‍ട്ടം പുലര്‍ച്ചെ നാലുമണിയോടെയാണ് പൂര്‍ത്തിയായത്. രാവിലെ ആറേ കാലോടെ പൊള്ളാച്ചിയിൽ നിന്ന് മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ മലപ്പുറത്തേക്ക് പുറപ്പെട്ടു. ഒന്‍പത് ആംബുലന്‍സുകളും ഒന്നിച്ചാണ് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ടത്.

പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്‍റ് എൽപി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ കഴിഞ്ഞ ദിവസം വൈകുന്നേരം 5.20ന് ആണ് വാൽപ്പാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്.

കാഴ്ചകൾ എല്ലാം കണ്ട് നാട്ടിലേക്ക് മടങ്ങുമ്പോൾ ചുരത്തിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണയിൽനിന്ന് വാടകയ്‌ക്കെടുത്ത ടൂറിസ്റ്റ് വാനിലാണ് ഡ്രൈവർ ഉൾപ്പെടെ13 പേർ യാത്ര പോയത്. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.

 

By admin