• Tue. Aug 5th, 2025

24×7 Live News

Apdin News

പ്രേംനസീറിന്റെ മകന്‍ നടന്‍ ഷാനവാസ് അന്തരിച്ചു

Byadmin

Aug 5, 2025


തിരുവനന്തപുരം: മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11.15-ഓടെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഹബീബ ബീവിയാണ് അമ്മ. പ്രേംനസീറിന്റെ മൂത്ത സഹോദരി സുലൈഖാ ബീവിയുടെ മകളാണ് ആയിഷ ബീവിയാണ് ഭാര്യ . ഷമീർഖാൻ, അജിത് ഖാൻ എന്നിവരാണ് മക്കൾ.

ചിറയിൻകീഴ്ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മോണ്ട്‌ഫോർട്ട് സ്‌കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയും ചെന്നൈയിലെന്യൂ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടുകയും ചെയ്തു.

50-ലേറെ മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1981-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘പ്രേമഗീതങ്ങള്‍’ എന്ന ചിത്രത്തിലൂടേയാണ് അരങ്ങേറ്റം. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ൽ പുറത്തിറങ്ങിയ ചൈനാ ടൗൺഎന്ന മലയാളചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേയ്ക്കു പുനഃപ്രവേശനം നടത്തിയിരുന്നു. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് ഒടുവില്‍ അഭിനയിച്ചത്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘സക്കറിയയുടെ ഗർഭിണികൾ’ എന്ന ചിത്രത്തിലെ വില്ലൻ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഷാനവാസ് ഏറെക്കാലമായി മലേഷ്യയിലായിരുന്നു താമസം.

By admin