ഹൈദരാബാദ്: ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് പവേര്‍ഡ് ബൈ സ്‌കാപിയ നാലാം സീസണ്‍ ചാമ്പ്യന്‍മാരെ ഇന്നറിയാം. വൈകിട്ട് 6.30ന് ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ മുംബൈ മിറ്റിയോഴ്‌സ് മുന്‍ റണ്ണേഴ്‌സ് അപ്പായ ബെംഗളൂരു ടോര്‍പ്പിഡോസിനെ നേരിടും. സോണി സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലും പ്രൈം വോളിബോള്‍ യുട്യൂബ് ചാനലിലും മത്സരം തത്സമയം കാണാം. ഇരുടീമുകള്‍ക്കും ഇതുവരെ കിരീടം നേടാനായിട്ടില്ല. 2023 ഫൈനലില്‍ ബെംഗളൂരു ടോര്‍പ്പിഡോസ്, അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനോട് തോറ്റിരുന്നു. കഴിഞ്ഞവര്‍ഷം സൂപ്പര്‍ ഫൈവില്‍ കളിച്ചെങ്കിലും മുംബൈ മിറ്റിയോഴ്‌സിന്റെ ആദ്യഫൈനലാണിത്. ലീഗ് ഘട്ടത്തില്‍ അപ്രമാദിത്യം സ്ഥാപിച്ചാണ് ഇരുടീമുകളുടെയും വരവ്. ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ, ലീഗിലെ കന്നിക്കാരായ ഗോവ ഗാര്‍ഡിയന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് ഫൈനല്‍ ടിക്കറ്റ് നേടിയത്. ആദ്യ രണ്ട് സെറ്റുകളില്‍ സമ്പൂര്‍ണ ആധിപത്യമായിരുന്നു മുംബൈയുടേത്. അതേസമയം മുന്‍ചാമ്പ്യന്‍മാരെ 3-1ന് തോല്‍പ്പിച്ചാണ് ബെംഗളൂരിന്റെ ഫൈനല്‍ പ്രവേശം. അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സിനെതിരെ ആദ്യ സെറ്റ് വഴങ്ങിയ ശേഷമായിരുന്നു ടോര്‍പ്പിഡോസിന്റെ തിരിച്ചുവരവും ജയവും (10-15, 15-11, 15-13, 15-13).
ബെംഗളൂരുവിനെ തോല്‍പ്പിക്കാന്‍ പിഴവുകള്‍ ഒഴിവാക്കുന്നത് മാത്രം പോരാ, അതിലുപരിയായി ഞങ്ങള്‍ കൂടുതല്‍ നന്നായി കളിക്കേണ്ടതുണ്ടെന്ന് മുംബൈ മിറ്റിയോര്‍സ് ഹെഡ് കോച്ച് മാറ്റ് വാന്‍ വെസല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടീമെന്ന നിലയില്‍ ഇന്ന് വിജയിക്കാനാവുമെന്ന് മുംബൈ ക്യാപ്റ്റന്‍ അമിത് ഗുലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലീഗിലെ ഏറ്റവും സ്ഥിരതയുള്ള ടീമുകളില്‍ ഒന്നാണ് മുംബൈയെന്നും, എതിരാളി എങ്ങനെ കളിക്കുന്നു എന്നതിനേക്കാള്‍ നമ്മള്‍ മത്സരം എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും വിജയമെന്നും ബെംഗളൂരു ടോര്‍പ്പിഡോസ് മുഖ്യപരിശീലകന്‍ ഡേവിഡ് ലീ പറഞ്ഞു. ഇന്ത്യന്‍ വോളിബോളിന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ആവേശകരമായ ഫൈനല്‍ പ്രതീക്ഷിക്കുന്നുവെന്ന് ക്യാപ്റ്റന്‍ മാറ്റ് വെസ്റ്റ് കൂട്ടിച്ചേര്‍ത്തു.
ലീഗ് ഘട്ടത്തില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് നടത്തിയത്. സീസണില്‍ ടോര്‍പ്പിഡോസിനായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത് അറ്റാക്കറായ ജോയല്‍ ബെഞ്ചമിന്‍ ആണ്. മുംബൈയുടെ ശുഭം ചൗധരി ഒരു പോയിന്റ് വ്യത്യാസത്തില്‍ തൊട്ടുപിന്നിലുണ്ട്. എന്നാല്‍ മുംബൈയുടെ ബ്ലോക്കര്‍മാരായ പീറ്റര്‍ ഓസ്റ്റ്‌വിക്ക്, ശുഭം ചൗധരി എന്നിവര്‍ക്കെതിരെ ജോയലിനും ബെംഗളൂരുവിന്റെ പെന്റോസിനും മികച്ച പ്രകടനം നടത്തല്‍ എളുപ്പമാവില്ല. ലീഗിലെ മികച്ച അഞ്ച് ബ്ലോക്കര്‍മാരില്‍ ഉള്‍പ്പെടുന്നവരാണ് ഇരുവരും. മുംബൈയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളി സേതുവായിരിക്കും. ഗോവയുടെ രോഹിത് യാദവിനൊപ്പം 11 പോയിന്റുമായി ഈ സീസണില്‍ ഏറ്റവും മികച്ച സെര്‍വറാണ് സേതു.