കൊച്ചി: അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫ. എം കെ സാനു (98)അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടിയിരുന്നതായും സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.
1928 ഒക്ടോബർ 27നു ആലപ്പുഴയിലെ തുമ്പോളിയിൽ ജനിച്ചു. അതീവ സമ്പന്നമായ കൂട്ടുകുടുംബത്തിൽ ജനിച്ച എം.കെ. സാനു, അകാലത്തിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അതിന്റെ കയ്പുനീർ കുടിച്ചാണ് യൗവനം പിന്നിട്ട് സാഹിത്യ സാസ്കാരിക മണ്ഡലത്തിൽ നിറഞ്ഞത്. നാലു വർഷത്തോളം സ്കൂളദ്ധ്യാപകൻ.
പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ൽ അദ്ധ്യാപനത്തിൽ നിന്ന് വിരമിച്ചു. വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്.
കേരള സാഹിത്യ അക്കാദമി പുരസ്കാരം(1985) – അവധാരണം, വയലാർ അവാർഡ്(1992) – ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം(2002),
പത്മപ്രഭാ പുരസ്കാരം, എൻ.കെ. ശേഖർ പുരസ്കാരം(2011), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(2011) – ബഷീർ: ഏകാന്തവീഥിയിലെ അവധൂതൻ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം –
എഴുത്തച്ഛൻ പുരസ്കാരം എന്നീ പുരസ്കാരങ്ങൾ നേടി.