കൊച്ചി: എഴുത്തുകാരനും ചിന്തകനുമായ പ്രൊഫ. എം കെ സാനു അന്തരിച്ചു. 99 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളുടെ ഏറെ നാൾ ചികിത്സയിലായിരുന്നു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
വ്യാഴാഴ്ച രാത്രി വീട്ടിൽ വെച്ച് വീണ് ഇടുപ്പെല്ലിന് പരുക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് ആരോഗ്യനില വഷളായി. അധ്യാപകൻ, സാമൂഹിക പ്രവർത്തകൻ തുടങ്ങി സമൂഹത്തിൻ്റെ വിവിധ തുറകളിൽ പ്രവർത്തിച്ച വ്യക്തിയാണ്.
1928 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയിലായിരുന്നു എം കെ സാനുവിന്റെ ജനനം. അതീവ സമ്പന്ന കൂട്ടുകുടുംബത്തില്‍ ജനിച്ച എം കെ സാനു, അകാലത്തില്‍ അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അവിടെ നിന്നാണ് അദ്ദേഹം സാഹിത്യ ലോകത്തും സാംസ്‌കാരിക മണ്ഡലത്തിലും നിറഞ്ഞത്. നാല് വര്‍ഷത്തോളം സ്‌കൂള്‍ അധ്യാപനായി സേവനം അനുഷ്ഠിച്ചു. കൊല്ലം എസ്.എൻ. കോളേജിൽ ലക്ചററായി ഔദ്യോഗിക ജീവിതമാരംഭിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നു വിരമിച്ചു.
1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. ശ്രീനാരായണ ഗുരു, സഹോദരന്‍ അയ്യപ്പന്‍, പി.കെ.ബാലകൃഷ്ണന്‍ എന്നിവരുടെ ജീവചരിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ വ്യക്തിജീവിതത്തെയും കാവ്യജീവിതത്തെയും സമഗ്രമായി വിശകലനം ചെയ്യുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്നേഹഭാജനമാണ് ശ്രദ്ധേയമായ മറ്റൊരു ഗ്രന്ഥം.
വയലാർ അവാർഡ്, കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, എഴുത്തച്ഛൻ അവാർഡ് മുതലായ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ്, കേരളസാഹിത്യ അക്കാദമി പ്രസിഡന്റ്, സാഹിത്യപ്രവർത്തക സഹകരണസംഘം ഡയറക്ടർ ബോർഡംഗം, കേരള ഹിസ്റ്ററി അസോസിയേഷൻ, സമസ്ത കേരള സാഹിത്യപരിഷത്ത് എന്നിവയിൽ നിർവ്വാഹകസമിതി അംഗം, കുങ്കുമം വാരിക മുഖ്യപത്രാധിപർ, എം.ജി. യൂണിവേഴ്സിറ്റിയുടെ ശ്രീനാരായണ ചെയറിന്റെ ഡയറക്ടർ, വയലാർ രാമവർമ്മ ട്രസ്റ്റിന്റെ ചെയർമാൻ, ഭാരതീയ വിദ്യാഭവൻ വൈസ് ചെയർമാൻ, എറണാകുളം കാൻസർ സർവ്വീസ് സൊസൈറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
1983ല്‍ അധ്യാപനത്തില്‍ നിന്ന് വിരമിച്ചു. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്ന് ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.
പരേതയായ എന്‍. രത്‌നമ്മയാണ് ഭാര്യ. എം.എസ് രഞ്ജിത്ത്, എം.എസ് രേഖ, ഡോ.എം.എസ് ഗീത, എം.എസ് സീത, എം.എസ് ഹാരിസ് എന്നിവരാണ് മക്കള്‍. നാളെ രാവിലെ 9 മണി മുതല്‍ 10 വരെ വീട്ടില്‍ പൊതുദര്‍ശനം. 10 മണി മുതല്‍ എറണാകുളം ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് അവസരമുണ്ടായിരിക്കും. വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിലാണ് സംസ്ക്കാരം.