ഡ്രൈവര്‍ സീറ്റിനു മുന്നില്‍ പ്ലാസ്റ്റിക് കുപ്പി അടുക്കിവെച്ചതിന് സ്ഥലം മാറ്റല്‍ നടപടി നേരിട്ട കെഎസ്ആര്‍ടിസി ജീവനക്കാരന് ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണു. പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജെയ്‌മോന്‍ ജോസഫിനെയാണ് ഡ്യൂട്ടിക്കിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച കൊല്ലം ആയൂര്‍ വെച്ചാണ് ഗതാഗതമന്ത്രി ഗണേഷ് കുമാര്‍ ബസ് തടഞ്ഞ് ജീവനക്കാരനെതിരെ നടപടിയെടുത്തത്.
ഇന്നലെ നടപടിയുടെ കോപ്പി ഡ്രൈവര്‍ക്ക് ലഭിച്ചിരുന്നെങ്കിലും ഇത് മരവിപ്പിച്ചുവെന്ന വാര്‍ത്തയും വന്നിരുന്നു. പിന്നീട് ഉത്തരവ് പ്രാബല്യത്തിലുണ്ടെന്ന വിവരം ലഭിച്ചു. ഇതിനെത്തുടര്‍ന്ന് ജെയ്‌മോന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ജെയ്‌മോന്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
കഴിഞ്ഞ ബുധനാഴ്ചയാണ് ബസിനകത്ത് പ്ലാസ്റ്റിക് കുപ്പിയിട്ടതിന് മന്ത്രി ബസ് തടഞ്ഞ് ജീവനക്കാരെ ശകാരിച്ചത്. ബസിനകത്ത് മാലിന്യം നിക്ഷേപിക്കാന്‍ ബോക്‌സ് വെച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.