• Fri. Oct 18th, 2024

24×7 Live News

Apdin News

പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ഗവര്‍ണര്‍ സി.വി.ആനന്ദബോസ്

Byadmin

Oct 18, 2024


കൊല്‍ക്കത്ത : പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി.ആനന്ദബോസ്.

ആര്‍.ജി.കാര്‍ ഡോക്ടര്‍ ബലാത്സംഗ കൊലപാതക സംഭവത്തില്‍ ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനും മുതിര്‍ന്ന ഡോക്ടറും അറസ്റ്റിലായതുതന്നെ സര്‍ക്കാര്‍ സംരക്ഷണയില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ ഗൗരവം സൂചിപ്പിക്കുന്നതാണ്.

തുടര്‍ച്ചയായ ബലാത്സംഗകൊലപാതകങ്ങളും മറ്റു കുറ്റകൃത്യങ്ങളും കാരണം സമൂഹത്തിലുണ്ടായിരിക്കുന്ന അരക്ഷിതാവസ്ഥയിലും സംസ്ഥാനത്തെ ഭരണ സ്തംഭനാവസ്ഥയിലും അദ്ദേഹം കടുത്ത അതൃപ്തി അറിയിച്ചു.

പൗരന്മാരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ കടമയാണ്. ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചിട്ടും അവര്‍ അത് നിര്‍വഹിക്കാതിരിക്കുമ്പോള്‍ രാജ്ഭവന്‍ അതില്‍ നിശ്ചയമായും ഇടപെടും. അത് ഗവര്‍ണറുടെ ഭരണഘടനാ ചുമതലയാണ് .

ആര്‍.ജി.കാര്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ സര്‍ക്കാര്‍ അതിന്റെ കടമ നിര്‍വഹിക്കുന്നതില്‍ ഗുരുതരമായ വീഴ്ചവരുത്തി. അതിനെതിരായ ജനവികാരം ആളിക്കത്തുകയാണ്. എന്നാല്‍ റോമാനഗരം കത്തിയമരുമ്പോള്‍ വീണവായിക്കുന്ന നീറോ ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്ന കാഴ്ചകളാണ് ഇപ്പോള്‍ ഇവിടെ കാണുന്നത് ദുര്‍ഗാപൂജ കാര്‍ണിവലില്‍ മുഖ്യമന്ത്രി നടത്തിയ ‘ദാണ്ഡിയ നൃത്ത’ത്തെ പരോക്ഷമായി ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ പറഞ്ഞു.

ദ്രുതഗതിയിലുള്ള അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ കഴിഞ്ഞദിവസം രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. അത് സംബന്ധിച്ച പ്രതികരണത്തിലാണ് ആനന്ദ ബോസ് തന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.

രാജ്ഭവന്‍ ഈ വിഷയത്തില്‍ ഇടപെടുമോ എന്നതിനെക്കുറിച്ച് ബോസ് പറഞ്ഞു, ‘തീര്‍ച്ചയായും ഈ വിഷയത്തില്‍ രാജ്ഭവന്‍ ഇടപെടുന്നുണ്ട്, കാരണം ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന വ്യവസ്ഥകള്‍ക്ക് കീഴിലാണ് രാജ്ഭവന്‍ പ്രവര്‍ത്തിക്കുന്നത്.’



By admin