കാസര്‍ഗോഡ് കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മൈമിനിടെ കര്‍ട്ടണ്‍ താഴ്ത്തിയ അധ്യാപകര്‍ സംഘപരിവാര്‍ അനുകൂല സംഘടനയിലെ അംഗങ്ങളെന്ന് വിവരം. അധ്യാപകരായ പ്രദീപ് കുമാര്‍, സുപ്രീത് എന്നിവരാണ് കര്‍ട്ടന്‍ താഴ്ത്തിയത്. അധ്യാപകര്‍ ദേശീയ അധ്യാപക പരിഷത്ത് (എന്‍ടിയു) അംഗങ്ങളാണ്.
വിഷയത്തില്‍ വിദ്യാഭ്യസ മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം. പലസ്തീനിലെ കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളമെന്നും ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി അറിയിച്ചു. അതേസമയം മുടങ്ങിയ കലോത്സവം തിങ്കളാഴ്ച്ച വീണ്ടും നടത്തും. ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന കൂട്ടക്കുരുതിയാണ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ പ്രമേയമാക്കിയത്.
മൈം തുടങ്ങി രണ്ടര മിനിറ്റ് പിന്നിട്ടപ്പോഴേക്ക് അധ്യാപകര്‍ സ്റ്റേജിലെത്തി കര്‍ട്ടന്‍ താഴ്ത്തുകയായിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പിടിഎ സ്‌കൂളില്‍ യോഗം ചേര്‍ന്നു. അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ്, എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.