ഫലസ്തീന്‍ ജനതക്ക് സ്വന്തം ഭൂമിയില്‍ അവകാശമുണ്ടെന്നും അവര്‍ നുഴഞ്ഞുകയറ്റക്കാരോ കുടിയേറ്റക്കാരോ അല്ലെന്നും സൗദി വിദേശകാര്യ മന്ത്രാലയം. ഗസ്സ മുനമ്പില്‍നിന്ന് ഫലസ്തീനികളെ മാറ്റണമെന്ന് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചതിന് പിന്നാലെ സൗദി വിദേശകാര്യ മന്ത്രാലയം മറുപടി നല്‍കുകയായിരുന്നു. കുടിയൊഴിപ്പിക്കല്‍ ഒരുതരത്തിലും അംഗീകരിക്കില്ലെന്നും ഫലസ്തീന്‍ ജനതയുടെ അവകാശം ദൃഢമായി നിലനില്‍ക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഫലസ്തീനികളുടെ പലായനം സംബന്ധിച്ച ഇസ്രാഈല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനകള്‍ തള്ളിക്കളയുന്നെന്നും കുടിയേറ്റം സംബന്ധിച്ച നെതന്യാഹുവിന്റെ പ്രസ്താവനകളെ അപലപിക്കുന്ന രാജ്യങ്ങളുടെ നിലപാടുകളോടുള്ള അഭിനന്ദനവും അറിയിക്കുന്നെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സൗദിയുടെ നിലപാട് ഉറച്ചതാണെന്നും വിദേശകാര്യ മന്ത്രാലയം ആവര്‍ത്തിച്ചിരുന്നു. അതേസമയം സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാതെ ഇസ്രാഈലുമായി ഒരു നയതന്ത്ര ബന്ധവും ഉണ്ടാകില്ലെന്നും പറഞ്ഞിരുന്നു. ഗസ്സ മുനമ്പ് പിടിച്ചെടുത്ത് അവിടത്തെ ജനങ്ങളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നത് പരിഗണിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇത്.