• Tue. Apr 8th, 2025

24×7 Live News

Apdin News

ഫലസ്തീന്‍ പതാക വീശി; മുസ്ലിം ജീവനക്കാരനെ യുപി വൈദ്യുതി വകുപ്പ് പിരിച്ചുവിട്ടു

Byadmin

Apr 7, 2025


ലഖ്‌നൗ: ഈദ് ദിനത്തില്‍ ഫലസ്തീന്‍ പതാക വീശിയതിന് മുസ്ലിം ജീവനക്കാരനെ യുപി വൈദ്യുതി വകുപ്പ് പിരിച്ചുവിട്ടു. പതാക വീശിയത് ദേശവിരുദ്ധ പ്രവൃത്തിയെന്ന് ആരോപിച്ച് സഹാറന്‍പൂര്‍ ജില്ലയിലെ കൈലാശ്പൂര്‍ പവര്‍ ഹൗസിലെ താത്കാലിക ജീവനക്കാരന്‍ സാഖിബ് ഖാനെതിരെയാണ് നടപടി.

മാര്‍ച്ച് 31ന് ഈദ് ഗാഹിന് ശേഷം സാഖിബ് ഉള്‍പ്പെടെയുള്ളവര്‍ ഫലസ്തീന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് പതാക വീശുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുറത്താക്കല്‍. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രതിഷേധത്തില്‍ 70 പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ജീവനക്കാരന്റെ നടപടി ദേശവിരുദ്ധമാണ്. അതാണ് നടപടിക്കു കാരണമെന്ന് വൈദ്യുതി വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ സഞ്ജീവ് കുമാര്‍ അവകാശപ്പെട്ടു. ‘കൈലാശ്പൂര്‍ പവര്‍ഹൗസിലെ താത്കാലിക ജീവനക്കാരനായ സാഖിബ് ഖാന്‍ പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം ഫലസ്തീന്‍ പതാക വീശുകയും ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാര്യം വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുകയും ഇതൊരു ദേശവിരുദ്ധ പ്രവൃത്തിയായി പരിഗണിച്ച് അടിയന്തര നടപടി സ്വീകരിക്കുകയുമായിരുന്നു. ബന്ധപ്പെട്ട കരാര്‍കമ്പനിക്ക് ഒരു കത്ത് എഴുതുകയും ഖാനെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്തു’- കുമാര്‍ പറഞ്ഞു.

നേരത്തെ, ഫലസ്തീന്‍ പതാകകള്‍ വീശി മുദ്രാവാക്യം വിളിച്ചതിന് ജില്ലയിലെ എട്ട് വ്യക്തികള്‍ക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ‘സോഷ്യല്‍മീഡിയ വഴി ചില യുവാക്കള്‍ മറ്റൊരു രാജ്യത്തിന്റെ പതാക വീശുന്ന ഒരു വീഡിയോ ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. വിഷയം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്, അതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും’- മാര്‍ച്ച് 31ന് സിറ്റി പൊലീസ് സൂപ്രണ്ട് വ്യോമ് ബിന്‍ഡാല്‍ പറഞ്ഞിരുന്നു.

By admin