രാജ്യത്ത് ഫാസിസ്റ്റ് സര്‍ക്കാറാണോ ഭരിക്കുന്നത്. എന്തിത്ര സംശയം എന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായ സി.പി.ഐ പറയുന്നത്. എന്നാല്‍ സി.പി.ഐ പറയുമ്പോലെ രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാറിനെ ഫാസിസ്റ്റ് സര്‍ക്കാറെന്ന് പറയാനാവില്ലെന്ന നിലപാടാണ് പുതിയ സി.പി.എം നേതൃത്വത്തിന്. പാര്‍ട്ടിയുടെ കരട് പ്രമേയത്തില്‍ വ്യക്തത വരുത്തിക്കൊണ്ടാണ് കേന്ദ്ര കമ്മിറ്റി സംസ്ഥാന കമ്മിറ്റികള്‍ക്ക് രഹസ്യ രേഖയായി അയച്ചിരിക്കുന്നത്. സി.പി.ഐ മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് ഭരണകൂടമെന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയില്‍ ഫാസിസം വന്നു കഴിഞ്ഞന്ന് സി.പി.ഐ എം.എല്ലും പറയുന്നു. ഈ രണ്ട് പാര്‍ട്ടികളുടേയും വാദങ്ങളെ തള്ളിയാണ് സി.പി.എം ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. ആര്‍ക്കും അത്ഭുതം തോന്നേണ്ടതില്ല. കാരണം സീതാറാം യെച്ചൂരിയുടെ മരണത്തിനു ശേഷം പാര്‍ട്ടി തലപ്പത്തേക്ക് വന്നത് പ്രകാശ് കാരാട്ടാണ്. പണ്ട് ബി.ജെ.പിയോട് ടിയാനൊരു സോഫ്റ്റ് കോര്‍ണറുള്ളതാണ്. പോരാത്തതിന് കേരള സി.പി.എമ്മിന്റെ കണ്ണിലുണ്ണിയുമാണ് കാരാട്ട്. കേരളത്തില്‍ ഭരണം തുടരാന്‍ ബി.ജെ.പിയുമൊത്ത് സി.ജെ.പിയായി പാര്‍ട്ടി പരിണമിച്ചിട്ട് കാലം ഏറെയായി. അത് എല്ലായിടത്തും തുടരുകയെന്നതാവാം പുതിയ തീരുമാനത്തിന് പിന്നില്‍. സി.പി.എമ്മുകാര്‍ ബി.ജെ.പി ഫാസിസ്റ്റാണെന്ന് അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല. മുസോളിനിയുടെയും ഹിറ്റ്‌ലറുടെയും കാലത്തേത് ‘ക്ലാസിക്കല്‍ ഫാസിസ’മെന്നും പിന്നീടുള്ള രൂപങ്ങളെ ‘നവഫാസിസ’മെന്നും വിശേഷിപ്പിച്ചാണ് പുതിയ നിര്‍വചനം നല്‍കിയിരിക്കുന്നത്. അന്തഃസാമ്രാജ്യത്വ വൈരുധ്യത്തിന്റെ സൃഷ്ടിയാണ് ക്ലാസിക്കല്‍ ഫാസിസമെന്നും നവ ഉദാരീകരണ പ്രതിസന്ധിയുടെ ഉത്പന്നമാണ് നവഫാസിസമെന്നുമാണ് വിശേഷണം. അതായത് സംഗതി ആര്‍ക്കും മനസിലാവാന്‍ പാടില്ലെന്ന ഗോവിന്ദന്‍ ലൈന്‍. ആര്‍.എസ്.എസിന് ഫാസിസ്റ്റ് സ്വഭാവമുണ്ടെന്നാണ് പാര്‍ട്ടി പരിപാടിയില്‍ സി.പി.എമ്മിന്റെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ്, ആര്‍.എസ്.എസ്. നിയന്ത്രണത്തിലുള്ള മോദിസര്‍ക്കാരിന് ഫാസിസ്റ്റ് പ്രവണതയാണെന്ന് കഴിഞ്ഞ രണ്ടു പാര്‍ട്ടി കോണ്‍ഗ്രസുകളിലും പ്രഖ്യാപി ച്ചത്. കാലം മാറി കഥ മാറി കാവി കളസമിട്ടവര്‍ പാര്‍ട്ടി തലപ്പത്തുമെത്തി അതോടെ എല്ലാം തലതിരിഞ്ഞു. സി.പി.എമ്മിന്റെ നിലപാടില്‍ പുതുമയൊന്നും ആര്‍ക്കും കാണാനാവില്ല.
ചരിത്രപരമായി തന്നെ സി.പി.എമ്മിന് ആത്യന്തികമായി സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയമോ അതിന്റെ രാഷ്ട്രീയ രൂപമായ ജനസംഘത്തിനോടോ ബി.ജെ.പി.യോടോ തൊട്ടു കൂടായ്മ ഒരു കാലത്തും ഉണ്ടായിരുന്നില്ല. ഹിന്ദുത്വ രാഷ്ട്രീയം ഏറ്റവും ശക്തമായ ഘട്ടത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തി ന്റെ സവിശേഷ സാഹചര്യത്തില്‍ മാത്രമാണ് ബി.ജെ.പി. രാഷ്ട്രീയത്തിനെതിരെ സി.പി.എം പാതി മനമോടെയെങ്കിലും നിലകൊണ്ടത്. അതാവട്ടെ കേരള നേതൃത്വത്തെ തള്ളിക്കൊണ്ട് സീതാറാം യെച്ചൂരി ബംഗാള്‍ ഘടകത്തിന്റെ പിന്തുണയോടെ എടുത്ത നിലപാടുമായിരുന്നു. പാര്‍ട്ടി പ ടവലങ്ങ പോലെ താഴെക്കു പതിച്ചിട്ടും ഒരു പാഠവും പഠിക്കാതെ കോണ്‍ഗ്രസാണ് മുഖ്യശത്രുവെന്ന് പറയുന്ന കേരള ഘടകത്തിനൊപ്പമാണ് ഇപ്പോഴത്തെ ദേശീയ ജനറല്‍ സെക്രട്ടറി. കേരളത്തിലെ സി.പി.എമ്മിന്റെ സംഘടിത ശക്തിയും സാമ്പത്തിക ശേഷിയും കൊണ്ട് സുപ്രധാനമായ തീരുമാനങ്ങളില്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തെ എതിര്‍ക്കാനാണ് കേരളത്തിലെ പാര്‍ട്ടി എന്നും ശ്രമിച്ചത്. യെച്ചൂരിയുടേത് അല്ലാത്ത കാലഘട്ടം മുഴുവന്‍ ഏതു ചെകുത്താനെയും കൂട്ടി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുക എന്ന ഒറ്റ അജണ്ടയിലാണ് സി.പി.എം. നിലകൊണ്ടിട്ടു ള്ളത്. ഏകീകൃത സിവില്‍ കോഡ് ഉള്‍പ്പടെയുള്ള തീവ്ര ഹിന്ദുത്വ അജണ്ടയ്ക്ക് പോലും സി.പി.എം. അനുകൂലമായിരുന്നു. 1977 ല്‍ ആര്‍.എസ്.എസിനെ നിരോധിച്ചതിനെതിരെ കേരള നിയമസഭയില്‍ ശബ്ദമുയര്‍ത്തിയ പാര്‍ട്ടിയും സി.പി.എമ്മായിരുന്നു. ജനസംഘത്തിനൊപ്പവും പിന്നീട് ബി.ജെ.പി.യുടെയും നേതാക്കന്മാരായ അദ്വാനിയെയും വാജ്‌പേയിയേയും ഉള്‍പ്പടെ കേരളത്തില്‍ കൊണ്ട് വന്നു രാഷ്ട്രീയ അസ്തിത്വം ഉണ്ടാക്കി കൊടുത്തതും പിന്നീട് പലപ്പോഴും സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കിയതും കോണ്‍ഗ്രസ് സര്‍ക്കാരുകളെ വീഴ്ത്തിയതും എല്ലാം സി.പി.എം. ആ ണ്. അതെ അജണ്ടയിലേക്ക് സി.പി.എം തിരിച്ചു പോകുന്നു എന്നതൊഴിച്ചാല്‍ പുതിയ തീരുമാനത്തില്‍ പുതുമയൊന്നുമില്ല.
തീവ്രവലതു രാഷ്ട്രീയത്തിലൂന്നി ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങളുടെ പ്രതിഷേധങ്ങളെയും പ്രതിരോധത്തെയും അടിച്ചമര്‍ത്തി മാധ്യമങ്ങളെ പോലും വരുതിയിലാക്കി മതരാഷ്ട്ര വാദം എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ബി.ജെ.പി നേതൃത്വത്തിലുള്ള ഭരണകൂടം ഫാസിസ്റ്റ് ഭരണകൂടമല്ലെങ്കില്‍ മറ്റെന്താണ്? ഇനി എങ്ങിനെയാണ് സി.പി.എമ്മിന് ഫാസിസം ദൃശ്യമാവുക. ഇനി ഒരു പക്ഷേ കേരളത്തിലെ മുണ്ടുടുത്ത മോദി ഭരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ലക്ഷണങ്ങള്‍ എല്ലാം ഇവിടെയും ഉണ്ടെന്ന് കണ്ടെത്തിയതാവും സി.പി.എമ്മിനെ ഇത്തരത്തിലുള്ള നീക്കത്തിലേക്ക് നയിച്ചിട്ടുണ്ടാവുക. ഇതാ ഇവിടെ ഫാസിസം വന്നിരിക്കുന്നു എന്ന് പറയാന്‍ നിങ്ങളുടെ കൈയ്യില്‍ തെളിവുണ്ടോ എന്നാണ് എല്ലാ പ്രശ്നങ്ങളുടേയും തീവ്രത മാപ്പിനി കൈവശമുള്ള എ.കെ ബാലന്‍ ചോദിക്കുന്നത്. ശരിയാണ്. ഒരു രാജ്യത്ത് രണ്ട് ഫാസിസ്റ്റ് ഉണ്ടാവില്ലല്ലോ. ആശ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച സാമൂഹ്യപ്രവര്‍ത്തകര്‍ക്കെതിരെ പോലും കേസ് എടുത്ത് പിണറായി സര്‍ക്കാന്‍ മോദിയേക്കാള്‍ വലിയ ഫാസിസ്റ്റാണെന്ന് തെളിച്ചിരിക്കുന്ന സമയമാണ്. സമരം ചെയ്യാന്‍ മാത്രമല്ല സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും പിണറായിയുടെ ഭരണത്തില്‍ ക്രിമിനല്‍ കുറ്റമാണ്. അപ്പോള്‍ പിന്നെ ഫാസിസം ഇവിടെ വരാന്‍ സാധ്യതയില്ല.