• Tue. Sep 9th, 2025

24×7 Live News

Apdin News

ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ ദിവ്യ ദേശ്മുഖിന് അട്ടിമറിവിജയം; തോല‍്പിച്ചത് 2636 റേറ്റിംഗുള്ള ഈജിപ്ത് ഗ്രാന്‍റ് മാസ്റ്റര്‍ ബാസെം അമിനെ

Byadmin

Sep 9, 2025



സമര്‍ഖണ്ഡ്: ഉസ്ബെകിസ്ഥാനിലെ സമര്‍ഖണ്ഡില്‍ നടക്കുന്ന ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ് ടൂര്‍ണ്ണമെന്‍റില്‍ നാലാം റൗണ്ടില്‍ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് നേടിയത് അവിസ്മരണീയമായ അട്ടിമറി ജയം. തന്നേക്കാള്‍ കൂടുതല്‍ റേറ്റിംഗുള്ള ഗ്രാന്‍റ് മാസ്റ്ററെയാണ് ദിവ്യ തോല്‍പിച്ചത്. ഇതോടെ ദിവ്യ ദേശ്മുഖിന്റെ പ്രതിഭയില്‍ സംശയം പ്രകടിപ്പിച്ചവര്‍ക്ക് ചുട്ടമറുപടിയാണ് ദിവ്യ നല്‍കിയത്.

ദിവ്യ ദേശ്മുഖിന്റെ ഇഎല്‍ഒ റേറ്റിംഗ് 2478 പോയിന്‍റ് മാത്രമാണ്. പക്ഷെ 2636 റേറ്റിംഗ് പോയിന്‍റുള്ള ഈജിപ്ത് ഗ്രാന്‍റ് മാസ്റ്റര്‍ ബാസെം അസിമിനെയാണ് ദിവ്യ ദേശ്മുഖ് അട്ടിമറിച്ചത്. ഇക്കുറി ഫിഡെ ഗ്രാന്‍റ് 2025 ടൂര്‍ണ്ണമെന്‍റില്‍ ഓപ്പണ്‍ വിഭാഗത്തില്‍ മത്സരിക്കുന്നതിനാല്‍, ലോകത്തിലെ മികച്ച പുരുഷ ഗ്രാന്‍റ് മാസ്റ്റര്‍മാരെയും ദിവ്യ ദേശ്മുഖിന് നേരിടേണ്ടതായി വരും. വനിതാവിഭാഗം മത്സരം വേറെ നടക്കുന്നുണ്ട്. അതില്‍ ഇന്ത്യയുടെ തന്നെ വൈശാലി മുന്നില്‍ നില്‍ക്കുകയാണ്.

ഈയിടെ ഫിഡെ വനിതാ ചെസ് ലോകകിരീടം നേടിയ ദിവ്യ ദേശ്മുഖ് എന്ന 19കാരി തന്റെ പ്രതിഭയുടെ മൂര്‍ച്ച കൂട്ടാനാണ് ഫിഡെ ഗ്രാന്‍റ് ചെസില്‍ ഓപ്പണ്‍ വിഭാഗത്തില്‍ മത്സരിക്കുന്നത്. റഷ്യയുടെ ഗ്രാന്‍റ് മാസ്റ്റര്‍ അലക്സാന്ദ്ര ഗോര്യച്കിനയും ഓപ്പണ്‍ വിഭാഗത്തില്‍ മത്സരിക്കുന്നത്. ദിവ്യ ദേശ്മുഖിന് ഈ ടൂര്‍ണ്ണമെന്‍റില്‍ തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. ആദ്യ റൗണ്ടില്‍ തന്റെ ഗുരു കൂടിയായ അഭിമന്യു പുരാണികുമായി ദിവ്യ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. പിന്നീടുള്ള രണ്ട് റൗണ്ടുകളില്‍ ദിവ്യ സമനില നേടിയിരുന്നു. ഇന്ത്യയുടെ മുരളി കാര്‍ത്തികേയന്‍, ജര്‍മ്മന്‍ ഗ്രാന്‍റ്മാസ്റ്റര്‍ അലക്സാണ്ടര്‍ ഡോണ്‍ചെങ്കോ എന്നിവരെയാണ് ദിവ്യ സമനിലയില്‍ പിടിച്ചത്. അലക്സാണ്ടര്‍ ഡോണ്‍ചെങ്കോയുടെ റേറ്റിംഗ് 2624 ആണ്. കാര്‍ത്തികേയന്‍ മുരളിയുടെ റേറ്റിംഗ് ആകട്ടെ 2669ഉം ആണ്. ഇത്രയും റേറ്റിംഗുള്ള താരങ്ങളെ സമനിലയില്‍ പിടിക്കുക എന്നതും ദിവ്യയെ സംബന്ധിച്ചിടത്തോളം വിജയം തന്നെ. പക്ഷെ ആദ്യമായി നാലാം റൗണ്ടില്‍ ദിവ്യ ദേശ്മുഖ് തന്നേക്കാള്‍ റേറ്റിംഗുള്ള ഈജിപ്ത് താരത്തെ തോല്‍പിച്ച് തന്റെ പ്രതിഭ വീണ്ടെടുക്കുകയായിരുന്നു. നാല് റൗണ്ടുകളില്‍ ഇതാദ്യമായാണ് ദിവ്യ വിജയം നേടുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഒന്നാം നമ്പര്‍ താരം കൂടിയാണ് ബാസെം അമിന്‍.

 

By admin