സമര്‍ഖണ്ഡ്: പ്രജ്ഞാനന്ദയുടെ സഹോദരി വൈഖാലി ഫിഡെ ഗ്രാന്‍റ് സ്വിസ് വനിതാ ചാമ്പ്യനായി. പതിനൊന്നാം റൗണ്ടിലെ അവസാന മത്സരത്തില്‍ മുന്‍ വനിതാ ലോകചാമ്പ്യനായ ചൈനയുടെ ടാന്‍ സോംഗിയെ സമനിലയില്‍ കുരുക്കിയതോടെയാണ് എട്ട് പോയിന്‍റുകളുമായി വൈശാലി ചാമ്പ്യനായത്. ഒരു ഇന്ത്യന്‍ വനിതാ ചെസ് താരം രണ്ട് തവണ ഫിഡെ ഗ്രാന്‍റ് സ്വിസില്‍ ചാമ്പ്യനാകുന്നത് ഇതാദ്യം.
തുടര്‍ച്ചയായി രണ്ടാം തവണയാണ് വൈശാലി ഫിഡെ ഗ്രാന്‍റ് സ്വിസ് ചാമ്പ്യനാകുന്നത്. 2023ലും വൈശാലി തന്നെയായിരുന്നു കിരീടം നേടിയത്. ഇത്തവണ ഫിഡെ ഗ്രാന്‍റ് സ്വിസ് ചാമ്പ്യനായതോടെ വൈശാലി കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. നിലവിലുള്ള വനിതാ ലോകചാമ്പ്യനുമായി മത്സരിക്കാനുള്ള കാന്‍ഡിഡേറ്റിനെ തെരഞ്ഞെടുക്കാനുള്ള ടൂര്‍ണ്ണമെന്‍റാണ് കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റ്. ഇക്കുറി ഇന്ത്യയില്‍ നിന്നും മൂന്ന് വനിതകള്‍ കാന്‍ഡിഡേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്- വൈശാലി, ഹംപി, ദിവ്യ ദേശ്മുഖ് എന്നിവര്‍.