ഇസ്രാഈലിനെ എല്ലാ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പരിശീലകരുടെ അസോസിയേഷന്‍. ഗസ്സയില്‍ തുടരുന്ന വംശഹത്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് എ.ഐ.എ.സി ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഫിഫയോടും യുവേഫയോടും ആവശ്യപ്പെട്ടത്. സെപ്റ്റംബറില്‍ ഇസ്രാഈലിനെതിരെ ഇറ്റലിയുടെ പ്രധാന ലോകകപ്പ് യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഇസ്രായേലിന്റെ ഗസ്സയിലെ വംശഹത്യക്കെതിരെ മൗനം പാലിച്ചതിനും അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ വിലക്കാന്‍ വിസമ്മതിച്ചതിനും ഇരു ഫുട്‌ബോള്‍ സംഘടനകളും കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഫലസ്തീന്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ കണക്കനുസരിച്ച് 2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സയില്‍ 810ലധികം അത്‌ലറ്റുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
2022 ഫെബ്രുവരിയില്‍ യുക്രൈന്‍ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യക്കെതിരെ കര്‍ശനമായ നടപടിയെടുത്ത ഫിഫയും യുവേഫയും സമാന നിലപാട് ഇസ്രഈലിന്റെ കാര്യത്തിലും സ്വീകരിക്കണമെന്ന് എഐഎസി പറഞ്ഞു. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് റഷ്യന്‍ ദേശീയ, ക്ലബ് ടീമുകളെ ഒഴിവാക്കിയിരുന്നു.