പഞ്ചാബിലെ ഫിറോസ്പൂരില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം. ജനവാസമേഖലയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് പരിക്കേറ്റതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവന്തിപ്പുരയില്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായും അതിര്‍ത്തിയിലെ മൂന്ന് ജില്ലകളില്‍ നിന്നുളളവരെ ബങ്കറുകളിലേക്ക് മാറ്റിയതായുമാണ് റിപ്പോര്‍ട്ട്. അമൃത്സറില്‍ നാല് ഡ്രോണുകളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. അമൃത്സര്‍ വിമാനത്താവളം മെയ് 15 വരെ അടച്ചിടും.
അതേസമയം ഡ്രോണാക്രമണത്തില്‍ പരിക്കേറ്റവരില്‍ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നും മറ്റ് രണ്ടുപേര്‍ക്കും പൊളളലേറ്റിട്ടുണ്ടെന്നും ഡോക്ടര്‍ കമാല്‍ ബാഗി പറഞ്ഞു. അവരെ എത്തിച്ചയുടന്‍ തന്നെ ചികിത്സ ആരംഭിച്ചതായും പരിക്കേറ്റ മൂന്നുപേരും ഒരു കുടുംബത്തില്‍ നിന്നുള്ളവരാണെന്നും ഡോക്ടര്‍ പറഞ്ഞു.
ജമ്മു കശ്മീരിലെ പല മേഖലകളിലും സ്ഫോടന ശബ്ദങ്ങളും സൈറണുകളും കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ജമ്മു, സാംബ, പത്താന്‍കോട്ട് എന്നിവിടങ്ങളില്‍ ഡ്രോണ്‍ കണ്ടെത്തിയതായും അവ പരിശോധിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി