
ഉദുമ (11-12-2025): എക്സൈസ് സംഘത്തിന്റെ പിടിയിൽ നിന്നും രക്ഷപെടാൻ കുടിവെള്ളത്തിൽ എംഡിഎംഎ കലക്കിയ യുവ എൻജിനീയർ ഉൾപ്പെടെ മൂന്നംഗ സംഘം അറസ്റ്റിൽ. ചട്ടഞ്ചാൽ കുന്നാറയിലെ കെ. അബ്ബാസ് അറഫാത്ത് (26), മുട്ടത്തൊടി സന്തോഷ് നഗറിലെ മുഹമ്മദ് അമീൻ (21), പള്ളിക്കര തൊട്ടിയിലെ ടി.എം. ഫൈസൽ (38) എന്നിവരാണ് പിടിയിലായത്. ഫൈസലിന്റെ ഓഫീസിൽ ലഹരികൈമാറ്റം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പരിശോധനയ്‌ക്കെത്തിയത്.
എന്നാൽ, എക്സൈസിന്റെ കണ്ണിൽപെടാതിരിക്കാൻ ഇവർ എംഡിഎംഎ കുപ്പിയിലെ കുടിവെള്ളത്തിൽ കലർത്തുകയായിരുന്നു. ഇവർ ഉപയോഗിച്ചിരുന്ന കാറിൽ നിന്നും 4.813 ഗ്രാം എംഡിഎംഎയും പിന്നീട് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
പരിശോധകർ പലവട്ടം ആവശ്യപ്പെട്ടിട്ടും മൂവർസംഘം അകത്തുനിന്ന് അടച്ച കതക് തുറന്നില്ല. തുടർന്ന് ബലംപ്രയോഗിച്ച് കതക് തുറക്കുമെന്നറിയച്ചതോടെ കതക് തുറന്നുകിട്ടി. മണിക്കൂറുകളോളം മുറി മുഴുവൻ പരി ശോധിച്ചിട്ടും മയക്കുമരുന്ന് കണ്ടെടുക്കാനായില്ല. അവസാനമാണ് ഇവരുടെ മേശപ്പുറത്തുണ്ടായിരുന്ന കുപ്പിവെള്ളത്തിലേക്ക് പരിശോധകരുടെ ശ്രദ്ധ തിരിഞ്ഞത്. പിടിവീഴുമെന്ന് ഉറപ്പായതോടെ കൈവശമുണ്ടായിരുന്ന കുപ്പിവെള്ളത്തിൽ ഇവർ എംഡിഎംഎ കലക്കുകയായിരുന്നു. മുറിയിൽനിന്ന് ലഹരിവസ്തു കണ്ടെടുത്തതിന് പിന്നാലെ കാറിലുണ്ടായിരുന്ന മയക്കുമരുന്നും പിടിച്ചെടുത്തു.
ഒരു മില്ലി ഗ്രാം മയക്കുമരുന്ന് മാത്രം വെള്ളത്തിൽ കലർത്തിയാലും ആകെ വെള്ളത്തിന്റെ തൂക്കംതന്നെ മയക്കുമരുന്നായി കണക്കാക്കി കേസെടുക്കും. മയക്ക് മരുന്ന് വലിക്കാനുപയോഗിക്കുന്ന ഉപകരണവും കാറും, പിടിച്ചെടുത്തു. സംഭവമറിഞ്ഞ് വൻ ജനകൂട്ടം തടിച്ചുകൂടിയിരുന്നു.