• Sat. Dec 13th, 2025

24×7 Live News

Apdin News

ഫോര്‍ട്ട് കൊച്ചി കാര്‍ണിവലിന് ഞായറാഴ്ച തുടക്കം

Byadmin

Dec 13, 2025



കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കാര്‍ണിവലിന് ഞായറാഴ്ച തുടക്കമാകും. രാജ്യത്തിനായി വീരമൃത്യു വരിച്ചവരെ സ്മരിക്കുന്നതിനായി ഫോര്‍ട്ട് കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയങ്കണത്തിലെ യുദ്ധസ്മാരകത്തില്‍ രാവിലെ സംഘടിപ്പിക്കുന്ന ചടങ്ങോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.

വാസ്‌കോഡ ഗാമ സ്‌ക്വയറില്‍ 22ന് രാവിലെ 9.30ന് കെ.ജെ. മാക്സി എംഎല്‍എ കാര്‍ണിവല്‍ പതാക ഉയര്‍ത്തും.കാര്‍ണിവലിന്റെ ഭാഗമായ 90 ഓളം സംഘടനകളുടെ പതാകകളും ഇതോടൊപ്പം ഉയര്‍ത്തും. ഡിജെകള്‍, മെഗാ ഷോകള്‍, മോട്ടോര്‍ ബൈക്ക് റേസ്, വിന്റേജ് സ്‌കൂട്ടര്‍ റാലി, ആര്‍ച്ചറി, ഷൂട്ടിംഗ്, കാര്‍ണിവല്‍ മാരത്തണ്‍, കൊങ്കണി ഭാഷാ കലോത്സവം, മെഹന്ദി കയാക്ക്, ഗുസ്തി,ചൂണ്ടയിടല്‍, വഞ്ചിതുഴയല്‍ മത്സരം, മ്യൂസിക്കല്‍ നൈറ്റ്, തുടങ്ങി വിവിധ പരിപാടികള്‍ കാര്‍ണിവലില്‍ ഉണ്ടാകും.

ഫോര്‍ട്ട് കൊച്ചി കടപ്പുറം, പരേഡ് ഗ്രൗണ്ട്, പള്ളത്ത് രാമന്‍ ഗ്രൗണ്ട്, അമരാവതി മഴവില്‍പാര്‍ക്ക്, ചുള്ളിക്കല്‍ ക്വീന്‍സ് പാര്‍ക്ക്, വാസ്‌കോഡ ഗാമ സ്‌ക്വയര്‍, മുണ്ടംവേലി കോര്‍പ്പറേഷന്‍ ഗ്രൗണ്ട്, നെഹ്റു പാര്‍ക്ക്, ടിപ്ടോപ് അസീസ് ഗ്രൗണ്ട്, സൗദി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലായാണ് പരിപാടികള്‍.

ഈ മാസം 28 മുതല്‍ 31 വരെ ദിവസങ്ങളില്‍ മ്യൂസിക് ബാന്‍ഡ്, ഡിജെ, അരുണ്‍ ഗോപന്‍ ഓപ്പണ്‍ മൈക്ക് ബാന്‍ഡ്, മെഗാ മ്യൂസിക് ഷോ എന്നിവ നടക്കും. 31ന് രാത്രി എട്ട് മണിമുതല്‍ ആഘോഷം തുടങ്ങും. രാത്രി 12ന് പപ്പാഞ്ഞിയെ കത്തിക്കും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗം. ജനുവരി ഒന്നിന് വൈകിട്ട് കാര്‍ണിവല്‍ റാലി.

 

By admin