• Tue. May 13th, 2025

24×7 Live News

Apdin News

ഫോറന്‍സിക് റിവ്യൂവില്‍ സിഇഒയുടെ കള്ളം തെളിഞ്ഞു; ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിവില ഒരാഴ്ചയില്‍ 65 രൂപ ഇടിഞ്ഞു ;പുതിയ സിഇഒ എത്തുന്നില്ല

Byadmin

May 13, 2025


മുംബൈ: ഗ്രാന്‍റ് തോര്‍ടന്‍ എന്ന ഓഡിറ്റ് സ്ഥാപനം നടത്തിയ ഫോറന്‍സിക് റിവ്യൂവില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിലെ 1979 കോടി രൂപയുടെ അക്കൗണ്ടിംഗ് ക്രമക്കേടുകള്‍ ബാങ്കിന്റെ സിഇഒയും ഡപ്യൂട്ടി സിഇഒയും മറച്ചുവെച്ച് ബാങ്കിന്റെ ഓഹരികള്‍ വിറ്റതായി കണ്ടെത്തി. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സിഇഒ സുമന്ത് സുമന്ത് കത് പാലിയയും ബാങ്കിന്റെ ഡപ്യൂട്ടി സിഇഒ ആയ അരുണ്‍ ഖുരാനയും ക്രമക്കേടുകള്‍ രഹസ്യമാക്കി വെച്ച് തങ്ങളുടെ കൈവശമുണ്ടായിരുന്ന ബാങ്കിന്റെ ഓഹരികള്‍ ഉയര്‍ന്ന വിലയ്‌ക്ക് വിറ്റ് നേട്ടുമുണ്ടാക്കുകയായിരുന്നു.

ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ സിഇഒ ആയ സുമന്ത് കത്പാലിയ ബാങ്കിന്റെ ഓഹരിവില 1437 രൂപ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരികള്‍ വിറ്റഴിച്ച് 118 കോടി സമാഹരിച്ചിരുന്നു. അതുപോലെ ബാങ്കിന്റെ ഡപ്യൂട്ടി സിഇഒ ആയ അരുണ്‍ ഖുരാന ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ഓഹരി വില 1451 രൂപയില്‍ നില്‍ക്കുമ്പോള്‍ തന്റെ പക്കലുള്ള ഓഹരികള്‍ വിറ്റ് 70 കോടി സമാഹരിച്ചിരുന്നു. ബാങ്കില്‍ അക്കൗണ്ടിംഗില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നറിഞ്ഞിട്ടും അത് രഹസ്യമാക്കി വെച്ച് തങ്ങളുടെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ വിറ്റ് ലാഭമുണ്ടാക്കുന്നതിനെയാണ് ഇന്‍സൈഡര്‍ ട്രേഡിംഗ് എന്ന് വിളിക്കുന്നത്. ഇത് ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ്.

പിന്നീട് ഓഡിറ്റിങ്ങില്‍ ആണ് 1979 കോടി രൂപയുടെ അക്കൗണ്ടിംഗ് ക്രമക്കേടുകള്‍ പുറത്തുവന്നത്. ഇതോടെ ബാങ്കിന്റെ ഓഹരിവില 1576.രൂപയില്‍ നിന്നും 672 രൂപയിലേക്ക് ഒരു ഘട്ടത്തില്‍ കൂപ്പുകുത്തിയിരുന്നു. അതിന് ശേഷം റിസര്‍വ്വ് ബാങ്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിനെ രക്ഷിക്കാന്‍ രംഗത്തെത്തിയതോടെയാണ് പടിപടിയായി ഓഹരി വില ഉയര്‍ന്ന് 858 രൂപ വരെ ഉയര്‍ന്നിരിക്കുന്നത്. പക്ഷെ ഇപ്പോള്‍ കഴിഞ്ഞ ഒരാഴ്ചയായി 65 രൂപയോളമാണ് ഓഹരിവില ഇടിഞ്ഞത്. ഇപ്പോള്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരി വില 770 രൂപയില്‍ നില്‍ക്കുകയാണ്.

ഏപ്രില്‍ 29ന് ബാങ്കിലെ അക്കൗണ്ടിംഗ് ക്രമക്കേടുകളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് സിഇഒ സുമന്ത് കത് പാലിയ രാജിവെച്ചിരുന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ ക്രമക്കേടുകളെ തുടര്‍ന്ന് രംഗത്തെത്തിയ റിസര്‍വ്വ് ബാങ്ക് സുമന്ത് കത് പാലിയയ്‌ക്ക് മൂന്ന് വര്‍ഷത്തിന് പകരം ഒരു വര്‍ഷത്തേക്ക് മാത്രമാണ് കാലാവധി നീട്ടിക്കൊടുത്തത്. ഇതാണ് സുമന്ത് കത് പാലിയയെ രാജിവെയ്‌ക്കാന്‍ പ്രേരിപ്പിച്ചത്. സുമന്ത് കത് പാലിയ രാജിവെച്ച ശേഷം ഉന്നത എക്സിക്യൂട്ടീവുകളുടെ ഒരു കമ്മിറ്റി രൂപീകരിച്ച ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് സിഇഒയുടെ ചുമതലകള്‍ നടപ്പാക്കണമെന്ന് റിസര്‍വ്വ് ബാങ്കിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

പുതിയ സിഇഒ എന്ന് വരും?
ബാങ്കിന്റെ തലപ്പത്ത് പുതിയ സിഇഒ എത്തിയാല്‍ കുറെ പ്രശ്നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് വിശ്വാസം.ഇതിനിടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ ആക്സിസ് ബാങ്ക് ഡപ്യൂട്ടി സിഇഒ ആയ രാജീവ് ആനന്ദിനെ കൊണ്ടുവരാന്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ശ്രമിക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. റിസര‍്വ്വ് ബാങ്ക് ഇടപെടലും രാജീവ് ആനന്ദ് സിഇഒ പദവിയില്‍ എത്തും എന്ന വാര്‍ത്തയും സൃഷ്ടിച്ച അനുകൂലഅന്തരീക്ഷം കാരണം ഇന്‍ഡസ് ഇന്‍ഡ് ഓഹരി വില 800രൂപയ്‌ക്ക് മുകളിലേക്ക് കുതിച്ചതായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വീണ്ടും ഓഹരി വില താഴേക്ക് വീഴുകയായിരുന്നു. ആഗസ്ത് മൂന്നിന് ആക്സിസ് ബാങ്കിന്റെ ഡപ്യൂട്ടി സിഇഒ പദവിയില്‍ നിന്നും രാജീവ് ആനന്ദ് രാജിവെച്ചിരുന്നു. ഇതോടെ അദ്ദേഹം ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് സിഇഒ പദവിയില്‍ എത്തുമെന്ന് എല്ലാവരും ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ തീരുമാനമായില്ല. അതോടെ രാജീവ് ആനന്ദ് ഇപ്പോള്‍ നോണ്‍ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ ആക്സിസ് മാക്സ് ലൈഫ് ഇന്‍ഷുറന്‍സില്‍ ജോലി ചെയ്തുവരികയാണ്.

റേറ്റിംഗ് കുറച്ച് മൂഡീസ്
ഇതിനിടെ ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ റേറ്റിംഗ് കുറച്ചത് വിനയായി. ബിഎ1 എന്ന നിലയില്‍ നിന്നും ബിഎ2 എന്ന നിലയിലേക്കാണ് റേറ്റിംഗ് താഴ്‌ത്തിയത്. ബാങ്കിനോടുള്ള കാഴ്ചപ്പാട് നെഗറ്റീവ് ആക്കുകയും ചെയ്തു. ഇതോടെയാണ് ബാങ്ക് ഓഹരി വില തകര്‍ന്നത്.
കിട്ടാക്കടം വര്‍ധിക്കുന്നതില്‍ ആശങ്ക
ബാങ്കിന്റെ കിട്ടാക്കടം വര്‍ധിക്കുന്നതില്‍ മൂഡീസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2024 മാര്‍ച്ചില്‍ 1.9 ശത്മാനമായിരുന്നു കിട്ടാക്കടമെങ്കില്‍ 2024 ഡിസംബറോടെ അത് 2.4 ശതമാനമായി ഉയര്‍ന്നത് വലിയ ആശങ്ക ഉളവാക്കുന്നു. മൈക്രോഫിനാന്‍സ് വായ്പകളും ക്രെഡിറ്റ് കാര്‍ഡ് വായ്പകളുമാണ് അബദ്ധത്തില്‍ കലാശിച്ചത്.

പുതിയ സിഇഒ വരാതെ രക്ഷയില്ല

ഇനി പുതിയ സിഇഒ വരാതെ രക്ഷയില്ല. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന് നല്ല ആസ്തിയുണ്ടെന്നും അതിനാല്‍ ബാങ്ക് അപകടനിലയില്‍ അല്ലെന്നും റിസര്‍വ്വ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അതാണ് ഏക പ്രതീക്ഷ. എന്തായാലും രാജീവ് ആനന്ദോ അതല്ലെങ്കില്‍ മറ്റൊരാളോ സിഇഒ പദവിയിലേക്ക് വന്നാല്‍ ബാങ്കിന്റെ ഓഹരിക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.



By admin