
കോഴിക്കോട്:താമരശേരി മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ്‌കട്ട് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ച രാഷ്‌ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ സമവായമായില്ല. ഫാക്ടറി തുറക്കാന്‍ ഉടമകളെയും സമരസമിതിയെയും ഒരുമിച്ചിരുത്തി ചര്‍ച്ച ചെയ്യണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി നിര്‍ദേശങ്ങള്‍ ജില്ലാ ഭരണകൂടത്തിന് നല്‍കിയിട്ടുണ്ടെന്നും എല്‍ഡിഎഫ് പ്രതിനിധികള്‍ അറിയിച്ചു.
അതേസമയം, മാലിന്യ പ്രശ്‌നം പരിഹരിക്കാതെ ഫാക്ടറി തുറക്കാന്‍ അനുവദിക്കില്ലെന്ന് യുഡിഎഫ് കക്ഷികള്‍ വ്യക്തമാക്കി. ഫാക്ടറി ഉടമകളുമായി ചേര്‍ന്ന് ചര്‍ച്ച നടത്താനാവില്ലെന്നും അവര്‍ നിലപാടെടുത്തു.സമരത്തിന്റെ ഭാഗമായി ഉളള കേസുകളില്‍ പ്രതിപ്പട്ടിക പൊലീസ് പുറത്ത് വിടണം.അനാവശ്യമായി എല്ലാ വീടുകളും കയറുന്നത് അവസാനിപ്പിക്കണമെന്നും യുഡിഎഫ് ആവശ്യമുന്നയിച്ചു. ഫാക്ടറി തുറക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നെങ്കിലും ഇതുവരെയും തുറന്നിട്ടില്ല.
അതിനിടെ,താമരശേരി ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ സമരം പുനരാരംഭിച്ചു. ഫ്രഷ് കട്ട് ഫാക്ടറിക്ക് ഒന്നര കിലോമീറ്ററോളം അകലെ പന്തല്‍ കെട്ടി നടത്തുന്ന സമരത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ സമരത്തില്‍ പങ്കാളികളായി. എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എംഎന്‍ കാരശേരി ഉദ്ഘാടനം ചെയ്തു. ഓമശേരി, കോടഞ്ചേരി, താമരശേരി പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പങ്കെടുത്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ ആകെ 16 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുളളത്.