• Sun. Jan 11th, 2026

24×7 Live News

Apdin News

ഫ്രാങ്കോയെ വെറുതെ വിട്ടപ്പോള്‍ തകര്‍ന്നുപോയെന്ന് അതിജീവിതയായ കന്യാസ്ത്രീ റാണിറ്റ്, പ്രോസിക്യൂട്ടറെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ല

Byadmin

Jan 11, 2026



തിരുവനന്തപുരം: ജലന്തര്‍ രൂപതാ ബിഷപ്പ് ആയിരുന്ന ഫ്രാങ്കോ മുളയ്‌ക്കല്‍ പതിമൂന്ന് തവണ പീഡിപ്പിച്ചെന്ന് കേസിലെ അതിജീവിതയായ കന്യാസ്ത്രീ.സിസ്റ്റര്‍ റാണിറ്റ് സ്വകാര്യ ദൃശ്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞ് രംഗത്തു വന്നത്.

ഫ്രാങ്കോ മുളയ്‌ക്കലിനെ വെറുതെ വിട്ടപ്പോള്‍ തകര്‍ന്നുപോയി.ഇത്ര തവണ പീഡിപ്പിക്കപ്പെട്ടിട്ടും പുറത്തു പറയാതിരുന്നതെന്ത് എന്ന ചോദ്യത്തിനും അവര്‍ മറുപടി നല്‍കി.ഭയംകൊണ്ടാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു.വലിയ യാതന അനുഭവിച്ചു.

ഒരു കന്യാസ്ത്രീക്ക് എറ്റവും പ്രധാനം ചാരിത്ര്യശുദ്ധിയാണ്. അത് നഷ്ടപ്പെട്ടു എന്ന് പൊതുസമൂഹത്തിന് മുന്നില്‍ പറഞ്ഞാല്‍ അന്ന് താന്‍ സഭയില്‍ നിന്ന് ഇറക്കപ്പെടും.സഭ വിട്ട് പോയ പലരുടെയും അനുഭവം തനിക്ക് നേരിട്ട് അറിയാം. ‘മഠം ചാടി’ എന്ന പേരിലാണ് പിന്നീട് അറിയപ്പെടുന്നത്.തനിക്ക് മാത്രമല്ല സഹോദരങ്ങള്‍ക്കും അവരുടെ മക്കള്‍ക്കും അത് എല്ലാകാലത്തേക്കും നാണക്കേടാണ്.അതിനാല്‍ ചാരിത്ര്യ ശുദ്ധി പോയെന്ന് പറയാന്‍ ആകുമായിരുന്നില്ല. താന്‍ വളര്‍ത്തിക്കൊണ്ട് വരുന്ന മക്കളോട് ഇത് പറയാന്‍ കഴിയില്ല. ഒരിക്കലും അമ്മക്ക് മക്കളുടെ മുന്നില്‍ ഇത് പറയാനാവില്ലെന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു.

മഠത്തിനുള്ളില്‍ എന്ത് സംഭവിക്കുന്നു എന്ന് പുറംലോകത്ത് അറിയിക്കാതെ ചിരിച്ചുകൊണ്ട്, മാന്യമായി വസ്ത്രം ധരിച്ച് പുറത്തിറങ്ങി നടക്കേണ്ടി വരുന്ന അവസ്ഥ അനുഭവമുളളവര്‍ക്കേ മനസിലാകൂ. പല മഠങ്ങളിലും വേറെ ചിലര്‍ക്കും സമാനമായ അനുഭവങ്ങളുണ്ട് എന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു. നിരവധി പേരുടെ ദുരനുഭവം തനിക്ക് അറിയാം. എല്ലാ സത്യങ്ങളും പുറത്ത് പറയാനാവില്ല.

സഭാ നേതൃത്വത്തെ കാര്യങ്ങള്‍ അറിയിച്ചിട്ടും മൗനം പാലിച്ചത് കൊണ്ടാണ് സമരത്തിനിറങ്ങേണ്ടി വന്നത്. കുറുവിലങ്ങാട് മഠത്തിലെത്തിയാല്‍ അപായപ്പെടുത്താന്‍ സാധ്യത ഉണ്ടെന്ന് കാട്ടി ഇതിനിടെ ഫ്രാങ്കോ മുളയ്‌ക്കല്‍ കോട്ടയം എസ് പിക്ക് കളള പരാതി നല്‍കി. തുടര്‍ന്ന് തന്റെ സഹോദരനെ പൊലീസ് വിളിപ്പിച്ചു.ഇപ്പോഴാണ് മേലധികാരികള്‍ക്ക് നല്‍കിയ കത്ത് താന്‍ സഹോദരന്റെ പക്കല്‍ പൊലീസിന് കൊടുത്തു വിട്ടതെന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു.

പരാതി നല്‍കിയ ശേഷം മഠത്തില്‍ താമസ സൗകര്യം ഉണ്ടെന്നേ ഉളളൂ. ഒറ്റപ്പെട്ട അവസ്ഥയിലാണ്. കൈകാലുകള്‍ കെട്ടപ്പെട്ട സ്ഥിതിയാണ്.താനും ഒപ്പമുളള രണ്ട് കന്യാസ്ത്രീകളും. തയ്യല്‍പണി ചെയ്താണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്.ആറ് പേരുണ്ടായിരുന്നു തങ്ങളെന്നും ഇതില്‍ മൂന്ന് പേര്‍ പിടിച്ചു നില്‍ക്കാനാകാതെ സഭ വിട്ടു പോയെന്നും സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു.ഇടയ്‌ക്ക് ഒപ്പമുളളവരില്‍ ഒരാള്‍ വീട്ടില്‍ പോയി വന്നപ്പോള്‍ അവരുടെ പിതാവിന്റെ രണ്ട് മുണ്ട് കൊണ്ടു വന്നിട്ട് നമുക്ക് പാവാട തയ്‌ക്കാമല്ലോ എന്ന് പറഞ്ഞതും ഗദ്ഗദകണ്ഠയായി സിസ്റ്റര്‍ റാണിറ്റ് വെളിപ്പെടുത്തി.ഒപ്പമുളള രണ്ട് പേരോടും സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ തന്നെ വിട്ട് പോകാന്‍ പറഞ്ഞെങ്കിലും അവര്‍ കൂടെ തന്നെ നില്‍ക്കുന്നുണ്ട്.

താന്‍ പറഞ്ഞത് വിചാരണ കോടതി വിശ്വാസത്തിലെടുത്തില്ല.ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോരാടുമെന്ന് സിസ്റ്റര്‍ റാണിറ്റ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഹൈക്കോടതിയില്‍ കേസ് വാദിക്കാന്‍ സപെഷ്യല്‍ പ്രോസിക്യൂട്ടറെ വയ്‌ക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ട് ഇതുവരെ നടപടി ഉണ്ടായിട്ടില്ല.

 

By admin