
കണ്ണൂര്‍: നിത്യജീവിതത്തിന് വേണ്ടി സിപിഎമ്മിനോട് പോരാടിയ ദളിത് ഓട്ടോ ഡ്രൈവര്‍ കണ്ണൂരിലെ ചിത്രലേഖയുടെ ജീവിത കഥ അഭ്രപാളിയിലെത്തിക്കാന്‍ ഇംഗ്ലീഷ് തിരക്കഥാകൃത്തും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫ്രേയ്‌സര്‍ സ്‌കോട്ട് ശനിയാഴ്ച തിരുവനന്തപുരത്ത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെത്തും. ഫൂലന്‍ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി 1994 ല്‍ സംവിധാനം ചെയ്ത ബാന്‍ഡിറ്റ് ക്വീന്‍ ഉള്‍പ്പടെ ലോക ശ്രദ്ധപിടിച്ച് പറ്റിയ നിരവധി സിനിമകള്‍ ചെയ്ത ശേഖര്‍ കപൂറാണ് ചിത്രലേഖയുടെ ജീവിതകഥയും സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഫ്രേയ്‌സര്‍ സ്‌കോട്ട് 2018 ലും 2020 ലും കണ്ണൂരിലെത്തിയിരുന്നു. ഗൂഗിള്‍ സെര്‍ച്ചിനിടെയാണ് ചിത്രലേഖയുടെ പോരാട്ടം ഫ്രേയ്‌സര്‍ സ്‌കോട്ടിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
സിനിമാ നിര്‍മാണത്തിന് ഏകദേശം മൂന്ന് കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെത്തുമ്പോള്‍ പ്രധാനമായും ആവശ്യമായ തുക കണ്ടെത്തുക കൂടിയാണ് ഫ്രേയ്‌സര്‍ സ്‌കോട്ട് ലക്ഷ്യമിടുന്നത്. ശേഖര്‍ കപൂറുമായി നിരന്തരമായ ആശയവിനിമയത്തിന് ശേഷമാണ് സ്‌കോട്ട് കണ്ണൂരിലെത്തി ചിത്രലേഖയുടെ ജീവിതം നേരിട്ട് കണ്ടറിഞ്ഞ് തിരക്കഥ തയ്യാറാക്കിയത്. സിപിഎമ്മിന്റെ ദളിത് വിവേചനത്തിനെതിരെ നിരന്തരമായി പോരാടി ശ്രദ്ധനേടിയ ചിത്രലേഖ 2024 ഒക്‌ടോബര്‍ അഞ്ചിന് കാന്‍സര്‍ ബാധിതയായി മരണപ്പെട്ടു. ചിത്രലേഖയുടെ ജീവിതം ബാന്‍ഡിറ്റ് ക്വീനിനെപോലെ തന്നെ ധൈര്യമുള്ളതാണെന്നാണ് ശേഖര്‍ കപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.
ഓട്ടോ ഓടിച്ച് ജീവിക്കുന്നതിനുള്ള അവകാശത്തിനായി 122 ദിവസം കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നിലും 48 ദിവസം സെക്രട്ടേറിയറ്റിന് മുന്നിലും സമരം നടത്തിയാണ് ചിത്രലേഖയും കുടുംബവും ശ്രദ്ധനേടിയത്. പയ്യന്നൂര്‍ എടാട്ട് ചിത്രലേഖയുടെ മുത്തശ്ശി എരമംഗലത്ത് നാരായണിക്ക് കുടികിടപ്പായി ലഭിച്ച അഞ്ച് സെന്റ് ഭൂമിയിലെ ചെറിയ വീട്ടിലായിരുന്നു താമസം. എടാട്ട് ടൗണില്‍ ഓട്ടോ ഡ്രൈവറായി ചിത്രലേഖയെത്തിയതോടെയാണ് ജീവിതത്തില്‍ പ്രതിസന്ധികളുണ്ടായത്. ദളിത് സ്ത്രീയായ ചിത്രലേഖ ഓട്ടോ ഡ്രൈവറായെത്തിയതില്‍ അസഹിഷ്ണുത പൂണ്ട പ്രാദേശിക സിപിഎം പ്രാദേശിക നേതൃത്വം ഭീഷണിയുമായെത്തി. അതിനെ ചെറുത്തുനിന്നതോടെ ജീവിക്കാന്‍ സാധിക്കാതെ ചിത്രലേഖയ്‌ക്കും കുടുംബത്തിനും ഒടുവില്‍ സ്വന്തം നാടുവിട്ട് പലായനം ചെയ്യേണ്ടി വന്നു. തുടര്‍ന്ന് കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ച് സെന്റ് സ്ഥലത്ത് വീടുവെച്ച് താമസം മാറി.
2005 ലും 2023 ലും ചിത്രലേഖയുടെ ഓട്ടോറിക്ഷ അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ചിത്രലേഖയുടെ ഭര്‍ത്താവ് ശ്രീഷ്‌കാന്തിനെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച സംഭവം പോലുമുണ്ടായി. 2024 ല്‍ കാന്‍സര്‍ ബാധിച്ച് രോഗത്തോട് പോരാടി മരണം വരിക്കുന്നതുവരെ സിപിഎമ്മിന്റെ ദളിത് വിവേചനത്തിനെതിരെ അവര്‍ നിരന്തരമായി പോരാടി. സിനിമ പുറത്തിറങ്ങുന്നതോടെ ദളിത് സ്ത്രീയായതിന്റെ പേരില്‍ ചിത്രലേഖ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളും അതിജീവനവും ലോകശ്രദ്ധയിലെത്തുമെന്ന പ്രതീക്ഷയിലാണ് ഭര്‍ത്താവ് ശ്രീഷ്‌കാന്ത്.