തൃപ്പൂണിത്തുറ: താമസിച്ചിരുന്ന ഫ്ലാറ്റിന്റെ 26-ാം നിലയില്‍നിന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ മിഹിര്‍ മുമ്പ് പഠിച്ചിരുന്ന സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലിനെ പ്രത്യേക പോലീസ് സംഘം ചോദ്യംചെയ്തു.
കേസന്വേഷണം നടത്തുന്ന ഹില്‍പ്പാലസ് പോലീസ് ഇന്‍സ്പെക്ടര്‍ എ.എല്‍. യേശുദാസിന്റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വൈസ് പ്രിന്‍സിപ്പലിനെ ചോദ്യംചെയ്തത്. കുട്ടി മുമ്പ് പഠിച്ചിരുന്ന സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പലില്‍ നിന്ന് മാനസിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മാതാവ് പരാതിപ്പെട്ടിരുന്നു.
അതേസമയം എം.ബി.എ.ക്കാരനായ വൈസ് പ്രിന്‍സിപ്പല്‍ സ്‌കൂള്‍ കുട്ടികളെ എന്ത് പഠിപ്പിക്കുന്നു എന്ന കാര്യത്തില്‍ വ്യക്തതയില്ല. കുട്ടി പഠിച്ചിരുന്ന തിരുവാണിയൂരിലുള്ള സ്‌കൂളില്‍ സഹപാഠികളുടെ ക്രൂര റാഗിങ് കാരണമാണ് മകന്‍ ജീവനൊടുക്കിയതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടിരുന്നു.
സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ ശനിയാഴ്ച തെളിവെടുപ്പ് നടത്തി. മിഹിറിന്റെ സഹപാഠികളായ മൂന്ന് കുട്ടികളെയും പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ക്ലാസ് ടീച്ചറുടെയും മൊഴി എടുത്തു.