• Sun. Feb 2nd, 2025

24×7 Live News

Apdin News

ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവം; കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തും

Byadmin

Feb 2, 2025


തൃപ്പൂണിത്തുറയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ഫ്‌ളാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബം ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. റാഗിങ് നടന്നു എന്ന പരാതിയില്‍ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. വിദ്യാര്‍ത്ഥി പഠിച്ച ഗ്ലോബല്‍ പബ്ലിക് ഇന്റര്‍നാഷണല്‍ സ്‌കൂളിലും പൊലീസ് പരിശോധന നടത്തും. വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടിരുന്നു. വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം.

ജനുവരി 15നായിരുന്നു ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മിഹിര്‍ അഹമ്മദ് ഫ്‌ളാറ്റിന്റെ 26-ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. കുട്ടി അതിക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നല്‍കിയിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നിലെ കാരണം ആദ്യം മനസിലായില്ലെന്നും ഇതേപ്പറ്റി വിശദമായി പരിശോധിച്ചപ്പോഴാണ് കാരണം വ്യക്തമായതെന്നും അമ്മ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ ബസില്‍വെച്ചും, ക്ലോസെറ്റില്‍ തല പൂഴ്ത്തിവെച്ചും ഫ്ളഷ് ചെയ്തും, ടോയ്ലറ്റില്‍ നക്കിച്ചും അതിക്രൂരമായ പീഡനം കുട്ടിക്ക് നേരിടേണ്ടിവന്നതായി അമ്മ പരാതിയില്‍ പറഞ്ഞിരുന്നു. പീഡനം സഹിക്കാനാവാതെ മിഹിര്‍ ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നു അമ്മ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മിഹിറിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി.

 

 

By admin