ബംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നയാക്കി മര്‍ദിച്ച് നിരോധിത ലഹരി സിഗരറ്റ് വലിക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. ഗോവിന്ദ രാജനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് നടപടി.
കഴിഞ്ഞ ശനിയാഴ്ച ഗോവിന്ദ രാജനഗര്‍ പൊലീസ് സ്റ്റേഷനിലെ സമൂഹമാധ്യമ മോണിറ്ററിങ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ വീഡിയോ പിന്തുടര്‍ന്ന് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് അക്രമികളെ കണ്ടെത്തിയത്.
ആറ് മാസത്തിനിടെ പലപ്പോഴായി തന്നെ മുറിയില്‍ പൂട്ടിയിട്ട് ആണ്‍കുട്ടികള്‍ നിരോധിത മയക്കുമരുന്ന് അടങ്ങിയ സിഗരറ്റ് വലിക്കാന്‍ നിര്‍ബന്ധിച്ചതായി ഇര പൊലീസിന് മൊഴി നല്‍കി. വിസമ്മതിച്ചപ്പോള്‍ സംഘം ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നും പെണ്‍കുട്ടി പറഞ്ഞു.
ആറ് പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. തുടര്‍ന്ന് മഡിവാലയിലെ ഗവ. ഒബ്സര്‍വേഷന്‍ ഹോമിലേക്ക് അയച്ചതായി പൊലീസ് അറിയിച്ചു.