ബംഗളൂരുവില്‍ വ്യോമസേന ഉദ്യോഗസ്ഥന് ക്രൂര മര്‍ദനം. തിങ്കളാഴ്ച പുലര്‍ച്ചെ ബൈക്കിലെത്തിയ സംഘമാണ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
ഐ.എ.എഫ് വിങ് കമാന്‍ഡര്‍ ശിലാദിത്യ ബോസാണ് അക്രമത്തിന് ഇരയായത്. ഭാര്യയോടൊപ്പം വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണം നടന്നത്. ഭാര്യ സ്‌ക്വാഡ്രണ്‍ ലീഡര്‍ മധുമിത ദത്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാത വ്യക്തികള്‍ക്കെതിരെ ബയപ്പനഹള്ളി പൊലീസ് കേസെടുത്തു. അതേസമയം ശിലാദിത്യ സമൂഹമാധ്യമത്തിലൂടെയാണ് മര്‍ദന വിവരം പുറത്തുവിട്ടത്.
‘ഞങ്ങള്‍ ഡി.ആര്‍.ഡി.ഒ, സി.വി രാമന്‍ നഗര്‍ ഫേസ് ഒന്നിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച രാവിലെ എന്റെ ഭാര്യ എന്നെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ പിന്നില്‍നിന്ന് ഒരു ബൈക്ക് വന്ന് ഞങ്ങളുടെ കാര്‍ തടഞ്ഞു. ഡാഷ് ക്യാം ദൃശ്യങ്ങളും ഞാന്‍ പങ്കുവെക്കാം. ബൈക്ക് ഓടിച്ചിരുന്നവരില്‍ ഒരാള്‍ കന്നടയില്‍ എന്നെ അധിക്ഷേപിക്കാന്‍ തുടങ്ങി. എന്റെ കാറിലെ ഡി.ആര്‍.ഡി.ഒ സ്റ്റിക്കര്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അയാള്‍ ‘നിങ്ങള്‍ ഡി.ആര്‍.ഡി.ഒ ആളുകളാണ്’ എന്ന് പറഞ്ഞു, തുടര്‍ന്ന് കന്നടയില്‍ കൂടുതല്‍ അധിക്ഷേപിച്ചു. തുടര്‍ന്ന് അയാള്‍ എന്റെ ഭാര്യയെ അധിക്ഷേപിച്ചു. എനിക്ക് അത് സഹിക്കാന്‍ കഴിഞ്ഞില്ല’ -ആക്രമണം വിവരിച്ച് ബോസ് പറഞ്ഞു.
അതേസമയം പൊലീസ് സ്റ്റേഷനില്‍ പോയെങ്കിലും സഹായം വൈകിയെന്നും അദ്ദേഹം പറഞ്ഞു.