
ബെംഗളൂരു: ബെംഗളൂരുവിൽ വ്യാജ ‘നന്ദിനി’ നെയ്യ് റാക്കറ്റിന്റെ മുഖ്യസൂത്രധാരന്മാരെന്ന് കരുതുന്ന ഒരു ദമ്പതികളെ ഇന്ന് അറസ്റ്റ് ചെയ്തു. ശിവകുമാർ, രമ്യ എന്ന് തിരിച്ചറിഞ്ഞ ഇവര്‍, കർണാടക കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ (കെഎംഎഫ്) ഉടമസ്ഥതയിലുള്ള ‘നന്ദിനി’ ബ്രാൻഡിന്റെ പേരില്‍ വ്യാജ നെയ്യ് നിർമ്മിച്ച് വിൽക്കുന്ന ഒരു യൂണിറ്റ് നടത്തിവരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് യൂണിറ്റിൽ റെയ്ഡ് നടത്തുകയും, വ്യാജ നെയ്യ് ഉത്പാദിപ്പിക്കാൻ ഉപയോഗിച്ചിരുന്ന വലിയതും അത്യാധുനികവുമായ യന്ത്രസാമഗ്രികൾ കണ്ടെത്തുകയും ചെയ്തു. വ്യാജ ‘നന്ദിനി’ ഉൽപ്പന്നങ്ങൾ വൻതോതിൽ നിർമ്മിക്കാൻ ദമ്പതികൾ നൂതനമായ വ്യാവസായിക ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു,
ഉത്പാദന പ്രക്രിയകൾക്കായി ഉപയോഗിച്ച എല്ലാ യന്ത്രസാമഗ്രികളും റെയ്ഡില്‍ പിടിച്ചെടുത്തു. നേരത്തെ, റാക്കറ്റിന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളായ നാല് പേരെ കഴിഞ്ഞദിവസങ്ങളില്‍ അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വിശ്വസ്തമായ ഡയറി ബ്രാൻഡുകളിലൊന്നാണ് നന്ദിനി. ഇതിന്റെ വിപണിയിലെ വലിയ ഡിമാൻഡ് മുതലെടുത്താണ് പ്രതികൾ മായം ചേർത്ത നെയ്യ് തയ്യാറാക്കുകയും, അത് യഥാര്‍മെന്ന് ചൂണ്ടി വിറ്റഴിക്കുകയും ചെയ്തത്. സംശയകരമായ വിതരണ രീതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആഭ്യന്തര പരിശോധനകൾ നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. നവംബർ 14‑ന്, സെൻട്രൽ ക്രൈം ബ്രാഞ്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സ്ക്വാഡും കെഎംഎഫ് വിജിലൻസ് വിംഗും ചേർന്ന സംയുക്ത സംഘം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്തുകയായിരുന്നു. വിതരണ കേന്ദ്രമായി കണക്കാക്കപ്പെടുന്ന ചാമരാജ്പേട്ടിലെ നഞ്ചമ്പ അഗ്രഹാരയിലെ കൃഷ്ണ എൻ്റർപ്രൈസസുമായി ബന്ധമുള്ള ഗോഡൗണുകൾ, കടകൾ, വാഹനങ്ങൾ എന്നിവിടങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.