അബ്ദുന്നാസിര്‍ മഅദനി പ്രതിയായ ബംഗളൂരു സ്‌ഫോടനക്കേസില്‍ നാലു മാസത്തിനകം അന്തിമവാദം പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രീംകോടതി. വിചാരണ നടക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിക്കാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.
കേസിലെ 28-ാം പ്രതിയായ താജുദ്ദീന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. സ്‌ഫോടനക്കേസില്‍ 16 വര്‍ഷമായി വിചാരണ പൂര്‍ത്തിയാകാത്തതിനാല്‍ താന്‍ ജയിലില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് താജുദ്ദീന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
അതേസമയം, കേസിന്റെ വിചാരണ വൈകിയത് ചൂണ്ടിക്കാട്ടി മഅദനി സുപ്രീംകോടതിയെ മുമ്പ് സമീപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഒന്നര വര്‍ഷത്തിനകം കേസ് അവസാനിപ്പിക്കാമെന്ന് 2015ല്‍ പ്രത്യേക കോടതി സുപ്രീംകോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നു.
ബംഗളൂരു സ്‌ഫോടന കേസില്‍ മഅദനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പുതിയ തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ ആവശ്യം നേരത്തെ കര്‍ണാടക ഹൈകോടതി തള്ളിയിരുന്നു.