ബംഗാളില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ട ബലാത്സംഗത്തിനിരയായി. ബംഗാള്‍ ദുര്‍ഗാപൂരില്‍ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ ഒഡീഷ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്.
കോളേജിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പെണ്‍കുട്ടി ആക്രമണത്തിനിരയാവുകയായിരുന്നു. ഒഡീഷയിലെ ജലേശ്വര്‍ സ്വദേശിനിയായ 23 കാരി പെണ്‍കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംഭവത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും അന്വേഷണ നടക്കുകയാണെന്നും പശ്ചിമബംഗാള്‍ പൊലീസ് അറിയിച്ചു. വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ദുര്‍ഗാപൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് കാമ്പസിന് സമീപം വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വെസ്റ്റ് ബര്‍ധമാനില്‍ വെച്ച് അജ്ഞാതര്‍ ബലാത്സംഗം ചെയ്തതായാണ് വിദ്യാര്‍ത്ഥിനി നല്‍കിയിരിക്കുന്ന പരാതിയില്‍ സൂചിപ്പിക്കുന്നത്. ബംഗാളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കകള്‍ ഉയര്‍ത്തുന്ന സംഭവമാണ് നടന്നിട്ടുള്ളത്.