
കൊൽക്കത്ത( 23-12-2025): പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾക്കെതിരെ വ്യാപക ആക്രമണം തുടരുകയാണ്. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം രാജ്യത്തിന് തന്നെ നാണക്കേടാവുകയാണ്. സ്കൂൾ പരിപാടിക്കിടെ ഹിന്ദു ഭക്തിഗാനം പാടിയ പ്രശസ്ത ബംഗാളി ഗായിക ലഗ്നജിത ചക്രവർത്തിക്ക് നേരെ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ ആക്രമണം. ഈസ്റ്റ് മിഡ്‌നാപൂരിലെ സ്വകാര്യ സ്കൂളിൽ നടന്ന പരിപാടിക്കിടെയാണ് തൃണമൂൽ നേതാവ് മെഹബൂബ് മാലിക് ഗായികയെ വേദിയിൽ കയറി കയ്യേറ്റം ചെയ്തത്. ബംഗാളിലെ സാംസ്കാരിക മേഖലയിൽ വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്. കലാകാരന്മാർക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വിവിധ സാംസ്കാരിക സംഘടനകൾ പ്രതികരിച്ചു.
സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.പരിപാടിയിൽ എട്ടാമത്തെ ഗാനമായി പ്രശസ്തമായ “ജാഗോ മാ” എന്ന ഭക്തിഗാനമാണ് ലഗ്നജിത പാടിയത്. ഗാനം പൂർത്തിയാക്കിയ ശേഷം അതിന്റെ പശ്ചാത്തലത്തെക്കുറിച്ച് കാണികളോട് സംസാരിക്കവെ മെഹബൂബ് മാലിക് വേദിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ബംഗാളിൽ ഹിന്ദു ഭക്തിഗാനങ്ങൾ വേണ്ടെന്നും മതേതര ഗാനങ്ങൾ മാത്രം പാടിയാൽ മതിയെന്നും ആക്രോശിച്ചുകൊണ്ടായിരുന്നു മർദ്ദനം.
ആക്രമണത്തെത്തുടർന്ന് ഗായികയ്‌ക്ക് പരിപാടി പാതിവഴിയിൽ ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു. പരാതി നൽകാൻ എത്തിയ തന്നോട് പോലീസ് മോശമായാണ് പെരുമാറിയതെന്നും കേസെടുക്കാൻ വിസമ്മതിച്ചെന്നും ലഗ്നജിത ആരോപിച്ചു. തുടർന്ന് സോഷ്യൽ മീഡിയയിലൂടെ തനിക്കുണ്ടായ ദുരനുഭവം അവർ പങ്കുവെക്കുകയായിരുന്നു. ഗായികയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നു. ഇതോടെയാണ് പ്രതിയായ മെഹബൂബ് മാലികിനെതിരെ കേസെടുക്കാനും അറസ്റ്റ് ചെയ്യാനും പോലീസ് തയ്യാറായത്.