ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിന് മുട്ട്കുത്തിച്ച്
ഇന്ത്യ. ബംഗ്ലാദേശിന്റെ 229 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ അപരാജിത സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യ 21 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടന്നു. ടോസിലൂടെ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 49.4 ഓവറില്‍ 228 റണ്‍സിന് ഓള്‍ ഔട്ടായി. 46.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ മറിുപടി ബാറ്റിങ്ങില്‍ ഇന്ത്യ 231 റണ്‍സെടുത്തു. ഒന്നാം വിക്കറ്റില്‍ രോഹിതും ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയിരുന്നു. 9.5 ഓവറില്‍ 69 റണ്‍സാണ് പിടിച്ചെടുത്തത്.
മത്സരത്തില്‍ ഗില്‍ 129 പന്തില്‍ രണ്ടു സിക്‌സും ഒമ്പതു ഫോറുമടക്കം 101 റണ്‍സെടുത്തു. കെ.എല്‍. രാഹുല്‍ 47 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. 36 പന്തില്‍ 41 റണ്‍സുമായി രോഹിത് ശര്‍മ, 38 പന്തില്‍ 22 മണ്‍സുമായി വിരാട് കോഹ്ലി, 17 പന്തില്‍ 15 റണ്‍സുമായി ശ്രേയസ് അയ്യര്‍, 12 പന്തില്‍ എട്ട് റണ്‍സുമായി അക്‌സര്‍ പട്ടേല്‍ എന്നിവരാണ് പുറത്തായ ഇന്ത്യന്‍ താരങ്ങള്‍.
ബംഗ്ലാദേശ് താരം റിഷാദ് ഹുസെയ്‌ന്റെ ക്യാച്ചില്‍ രോഹിത് പുറത്തായതിന് പിന്നാലെ സ്‌കോറിങ്ങിന്റെ വേഗത കുറഞ്ഞിരുന്നു. പിന്നാലെ സൗമ്യ സര്‍ക്കാറിന്റെ ക്യാച്ചില്‍ കോഹ്ലിയും പുറത്തായി. മുസ്തഫിസുര്‍ റഹ്‌മാന്റെ പന്തില്‍ നജ്മുല്‍ ഹുസൈന്‍ ഷന്റോ ക്യാച്ചെടുത്ത് ശ്രേയസിനെ മടക്കി. നേരത്തേയിറങ്ങിയ അക്‌സര്‍ പട്ടേലും നിരാശപ്പെടുത്തി. പത്തോവറുകള്‍ പന്തെറിഞ്ഞ മുഹമ്മദ് ഷമി 53 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഹര്‍ഷിത് റാണ മൂന്നും അക്‌സര്‍ പട്ടേല്‍ രണ്ടും വിക്കറ്റുകള്‍ നേടി.