
ന്യൂദൽഹി: ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്ന പ്രശ്നമില്ലെന്ന് ഇന്ത്യയില്‍ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥിസംഘടനകള്‍ ആവശ്യം ശക്തമാക്കിയ സാഹചര്യത്തിലാണ് ഷെയ്ഖ് ഹസീനയുടെ ഈ പ്രതികരണം. ഇന്ത്യയില്‍ കഴിയുന്ന ഷെയ്ഖ് ഹസീന എഎന്‍ഐ വാര്‍ത്താ ഏജന്‍സിക്ക് നല‍്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്കെതിരായ അന്താരാഷ്‌ട്ര ക്രിമിനല്‍ ട്രിബ്യൂണൽ (ഐസിടി) നിയമനടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നും ഷെയ്ഖ് ഹസീന ആരോപിച്ചു. ബംഗ്ലാദേശ് കുറ്റകൃത്യ ട്രിബ്യൂണലാണ് ഷെയ്‌ഖ് ഹസീനയ്‌ക്ക് വധശിക്ഷയാണ് വിധിച്ചത്.
അന്താരാഷ്‌ട്ര ക്രിമിനല്‍ ട്രിബ്യൂണൽ (ഐസിടി) പുറപ്പെടുവിച്ച വിധി ഒരു ജുഡീഷ്യൽ നടപടിയല്ല, മറിച്ച് ഒരു രാഷ്‌ട്രീയ വിധിയാണെന്നും ഷെയ്ഖ് ഹസീന വിശദീകരിച്ചു. വാദിക്കാനും അഭിഭാഷകരെ നിയമിക്കാനുമുള്ള അവകാശം തനിക്ക് നിഷേധിക്കപ്പെട്ടുവെന്നും ഷെയ്ഖ് ഹസീന പറയുന്നു. സര്‍ക്കാര്‍ വിരുദ്ധ കലാപം അടിച്ചമര്‍ത്താന്‍ ഷെയ്‌ഖ് ഹസീന നടത്തിയത് വംശഹത്യയാണെന്നും അത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും നിരീക്ഷിച്ചാണ് അന്താരാഷ്‌ട്ര ക്രിമിനല്‍ ട്രിബ്യൂണൽ (ഐസിടി) വധശിക്ഷ വിധിച്ചത്. 453 പേജുകളുള്ള വിധിന്യായത്തില്‍ മനുഷ്യവകാശ ലംഘനം, വധശ്രമം, കൂട്ടക്കൊല എന്നീ കുറ്റങ്ങള്‍ കാര്യകാരണ സഹിതം വിശദീകരിക്കുന്നുമുണ്ട്.
അവാമി ലീഗിനെ വേട്ടയാടാൻ അന്താരാഷ്‌ട്ര ക്രിമിനല്‍ ട്രിബ്യൂണലിനെ ഉപയോഗിച്ചുവെന്നും അവർ ആരോപിച്ചു.ആരോപണങ്ങൾ ഉണ്ടെങ്കിലും, ബംഗ്ലാദേശിന്റെ ഭരണഘടനാ സംവിധാനത്തിൽ വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.
ബംഗ്ലാദേശില്‍ ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെയും അവർ ചോദ്യം ചെയ്‌തു. ഇഷ്ടപ്പെട്ട പാർട്ടിക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിക്കപ്പെടുമ്പോൾ വോട്ടർ പങ്കാളിത്തം തകരും. അത്തരം സാഹചര്യങ്ങളിൽ രൂപീകരിക്കപ്പെടുന്ന ഏതൊരു ഭരണകൂടത്തിനും ധാർമ്മിക അധികാരം ഉണ്ടായിരിക്കില്ലെന്നും ഷെയ്ഖ് ഹസീന പറഞ്ഞു. ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയെ നിരോധിച്ചു.
അഭയം നല്‍കിയ ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഷെയ്ഖ് ഹസീന
ഇന്ത്യയുടെ ആതിഥ്യമര്യാദയ്‌ക്കും ഇന്ത്യയിലുടനീളമുള്ള രാഷ്‌ട്രീയ പാർട്ടികൾ നൽകിയ പിന്തുണയ്‌ക്കും ഷെയ്ഖ് ഹസീന നന്ദി പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി കലാപം ശക്തമായതിനെ തുടര്‍ന്ന് 2024 ആഗസ്ത് അഞ്ചിനാണ് ഷെയ്ഖ് ഹസീന ഇന്ത്യയില്‍ അഭയം തേടുകയായിരുന്നു. ഇന്ത്യയുടെ ആശങ്കകൾ ന്യായമാണ്. ഉത്തരവാദിത്തമുള്ള ഒരു സർക്കാർ ഗുണ്ടകളെ സംരക്ഷിക്കുന്നതിനുപകരം നയതന്ത്ര ദൗത്യങ്ങളെ ചൂണ്ടിക്കാട്ടി വിചാരണ നടത്തുമെന്ന് അവർ കൂട്ടിച്ചേർത്തു. അതേസമയം, തീവ്രവാദ ഇസ്ലാമിക ഗ്രൂപ്പുകളുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ചും ഹസീന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്‌തു.
ഷെയ്ഖ് ഹസീനയെ ഇപ്പോള്‍ വിട്ടുനല്‍കില്ലെന്ന് ജയശങ്കര്‍
ഇപ്പോഴത്തെ രാഷ്‌ട്രീയ കാലാവസ്ഥയില്‍ ഷെയ്ഖ് ഹസീനയെ ഒരിയ്‌ക്കലും ബംഗ്ലാദേശിന് വിട്ടുകൊടുക്കില്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. ഉചിതമായ സമൂഹിക കാലാവസ്ഥയില്‍ മാത്രമേ ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കൂവെന്നും ജയശങ്കര്‍ വ്യക്തമാക്കി.