ധാക്ക : ബംഗ്ലാദേശിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് (എച്ച്എംപിവി) മൂലമുള്ള ആദ്യ മരണം വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു. ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളോടെ ഒരു സ്ത്രീ വൈറസ് രോഗബാധയേറ്റ് മരിച്ചതായാണ് വിവരം.
സഞ്ജിദ അക്തർ ബുധനാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെ തലസ്ഥാനമായ ധാക്കയിലെ പകർച്ചവ്യാധി ആശുപത്രിയിൽ മരിച്ചു. ഞായറാഴ്ച മുതൽ അവർ ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
പൊണ്ണത്തടി, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾ സ്ത്രീക്ക് ഉണ്ടായിരുന്നതായി ആശുപത്രിയുടെ സീനിയർ കൺസൾട്ടന്റ് ആരിഫുൾ ബഷർ വ്യാഴാഴ്ച പ്രഖ്യാപിച്ചു.
ഈ സീസണിൽ ബംഗ്ലാദേശിൽ എച്ച്എംപിവി അണുബാധയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് മരണം സംഭവിച്ചത്. സ്ത്രീക്ക് ന്യുമോണിയയുടെ ഒരു വകഭേദമായ ക്ലെബ്സിയെല്ല ന്യുമോണിയയും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡിസീസ് കൺട്രോൾ ആൻഡ് റിസർച്ചിലെ (IEDCR) വൈറോളജി മേധാവി അഹമ്മദ് നൗഷർ ആലം പറഞ്ഞു.
രോഗിക്ക് വിദേശ യാത്രയുടെ ചരിത്രമില്ലെന്ന് അദ്ദേഹം പറഞ്ഞു. 2017 ൽ ബംഗ്ലാദേശിലാണ് എച്ച്എംപിവി ആദ്യമായി കണ്ടെത്തിയതെന്ന് ഐഇഡിസിആർ ഡയറക്ടർ തഹ്മിന ഷിരിൻ നേരത്തെ പറഞ്ഞിരുന്നു. അതിനുശേഷം മിക്കവാറും എല്ലാ വർഷവും ശൈത്യകാലത്തും വൈറസ് ബാധ പ്രശ്നമാകാറുണ്ട്.