• Sat. Feb 7th, 2026

24×7 Live News

Apdin News

ബംഗ്ലാദേശിൽ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ‘ജിഹാദ്’ പ്രഖ്യാപിച്ച് ഇന്ത്യ വിരുദ്ധ സംഘടനയായ ഹെഫാസത്തെ ഇസ്ലാം

Byadmin

Feb 7, 2026



ബംഗ്ലാദേശിൽ ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഇസ്‌ലാമിസ്റ്റ് സംഘടനകൾക്കിടയിൽ വൻ പോര്. രാജ്യത്തെ പ്രമുഖ ഇസ്‌ലാമിസ്റ്റ് രാഷ്‌ട്രീയ പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഹെഫാസത്തെ ഇസ്ലാം ബംഗ്ലാദേശ് ‘ജിഹാദ്’ പ്രഖ്യാപിച്ചു.

ജമാഅത്തെ ഇസ്‌ലാമിക്ക് വോട്ട് ചെയ്യുന്നത് മുസ്ലിങ്ങൾക്ക് ‘ഹറാം’ (മതപരമായി നിഷിദ്ധം) ആണെന്ന് ഹെഫാസത്തെ ഇസ്ലാം അമീർ അല്ലാമ ഷാ മുഹിബ്ബുല്ല ബാബുനാഗരി പ്രഖ്യാപിച്ചു. വ്യാഴാഴ്ച ചട്ടോഗ്രാമിൽ ബിഎൻപി (BNP) സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷഫീഖുർ റഹ്മാന്റെ നേതൃത്വത്തിലുള്ള ജമാഅത്തെ ഇസ്‌ലാമിയുമായി ഹെഫാസത്തിന് അടിസ്ഥാനപരമായ പ്രത്യയശാസ്ത്രപരവും ദാർശനികവുമായ ഭിന്നതകളുണ്ടെന്നും ജമാഅത്ത് ഇസ്‌ലാമിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഈ തെറ്റായ ശക്തിയുടെ ഉദയം തടയാൻ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ജമാഅത്ത് മൗദൂദിയൻ ഇസ്‌ലാമാണ് പിന്തുടരുന്നതെന്നും അത് വിശ്വാസത്തെ അപകടത്തിലാക്കുമെന്നും ബാബുനാഗരി നേരത്തെയും ആരോപിച്ചിരുന്നു.ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമി ശക്തമായ മുന്നേറ്റം നടത്തുമെന്ന് സർവ്വേകൾ സൂചിപ്പിക്കുന്നുണ്ട്. നിലവിൽ മുന്നിലുണ്ടെന്ന് കരുതപ്പെടുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്കൊപ്പം (BNP) ജമാഅത്തും ശക്തമായ സ്വാധീനമുറപ്പിക്കുന്നത് ബിഎൻപിയെ ആശങ്കയിലാക്കുന്നുണ്ട്. ഇതിനിടെയാണ് താരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി ഹെഫാസത്തെ ഇസ്ലാമുമായി അടുക്കുന്നത്.

നേരത്തെ ജമാഅത്ത് ഉൾപ്പെട്ട സഖ്യങ്ങളിൽ ഹെഫാസത്ത് പ്രവർത്തിച്ചിരുന്നെങ്കിലും ഇപ്പോൾ അവർ പരസ്യമായി എതിർപ്പ് പ്രകടിപ്പിക്കുകയാണ്. ഹെഫാസത്തെ ഇസ്ലാം കടുത്ത ഇന്ത്യ വിരുദ്ധ, ഹിന്ദു വിരുദ്ധ നിലപാടുകൾക്ക് പേരുകേട്ട സംഘടനയാണ്. 2021-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിച്ചപ്പോൾ ഇവർ രാജ്യവ്യാപകമായി സമരം പ്രഖ്യാപിക്കുകയും അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇസ്‌കോൺ (ISKCON) നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതും ഹിന്ദു സന്ന്യാസി ചിന്മയ് കൃഷ്ണ ദാസിനെതിരെ കേസ് ഫയൽ ചെയ്തതും ഹെഫാസത്ത് നേതാക്കളാണ്.

കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും സിഎഎ (CAA) നിയമത്തിനും എതിരെ ഇവർ വലിയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയെ തങ്ങളുടെ മതത്തിന് ഭീഷണിയായാണ് ഇവർ ചിത്രീകരിക്കുന്നത്. ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് ഇപ്പോൾ യഥാർത്ഥ ഇസ്‌ലാം ഏതെന്ന് നിർവ്വചിക്കാനുള്ള ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകൾ തമ്മിലുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്.

 

 

 

 

 

By admin