
ധാക്ക: ഒന്നരപതിറ്റാണ്ടിനുശേഷം ബംഗ്ലാദേശ് രാഷ്‌ട്രീയത്തിലേക്ക് ബി.എൻ.പി. തിരികെവരുമെന്ന പ്രതീതിയാണ് വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ നൽകുന്നത്. 151 സീറ്റുകൾ എന്ന കേവലഭൂരിപക്ഷം കടന്ന് 165 സീറ്റുകളിൽ വിജയം നേടിയതോടെ ബിഎൻപി സർക്കാർ രൂപീകരണത്തിലേക്ക് നീങ്ങുകയാണ്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായേക്കുമെന്ന സൂചനകൾ ശക്തമാണ്.
പാർട്ടിസ്ഥാപകനും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്‍മാന്റെയും മൂന്നുതവണ പ്രധാനമന്ത്രിയായ, ഈയിടെ അന്തരിച്ച ഖാലിദ സിയയുടെയും മകനാണ് താരിഖ്. സ്വയം തിരഞ്ഞെടുത്ത പ്രവാസം മതിയാക്കി 2025 അവസാനമാണ് താരിഖ് ബംഗ്ലാദേശിൽ തിരികെയെത്തിയത്. വിവിധ അഭിപ്രായ സർവേകളിലും താരിഖിന് മുൻതൂക്കം ലഭിച്ചതായാണ് റിപ്പോർട്ട്. വോട്ടെണ്ണൽ ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ, തിരഞ്ഞെടുപ്പ് നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് ആരോപിച്ച് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രംഗത്തെത്തി. തെരഞ്ഞെടുപ്പ് ഫലങ്ങൾ റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടു. തന്റെ പാർട്ടിയായ അവാമി ലീഗ് പങ്കെടുത്തില്ലാത്ത സാഹചര്യത്തിൽ നടന്ന വോട്ടെടുപ്പ് ജനങ്ങൾ ബഹിഷ്കരിച്ചുവെന്നും, പല പോളിങ് സ്റ്റേഷനുകളിലും വോട്ടർമാരുടെ സാന്നിധ്യം വളരെ കുറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു.വോട്ടെടുപ്പ് വൈകിട്ട് 4.30 വരെ നിശ്ചയിച്ചിരുന്നെങ്കിലും, അതിന് മുൻപ് വരിയിൽ നിന്നവർക്കു വോട്ട് രേഖപ്പെടുത്താൻ അവസരം നൽകിയിരുന്നു.
രാജ്യത്തെ പതിമൂന്നാമത് പൊതുതെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായ അന്തരീക്ഷത്തിലാണ് പൂർത്തിയായതെന്ന് തിരഞ്ഞെടുപ്പ് അധികാരികൾ അറിയിച്ചു. എന്നാൽ, രണ്ട് ജില്ലകളിൽ ഗ്രനേഡ് സ്ഫോടനങ്ങൾ ഉൾപ്പെടെ ചില അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. വോട്ടെടുപ്പിനിടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നാല് പേർ മരിച്ചതായും വിവരമുണ്ട്.ജമാഅത്തെ മുന്നണി 45 സീറ്റുകളിൽ വിജയിച്ചതായി നിലവിലെ കണക്ക് സൂചിപ്പിക്കുന്നു.
ഇതിനൊപ്പം, ജമാഅത്തെ ഇസ്‌ലാമിക്കെതിരെ വോട്ടർമാരെ സ്വാധീനിക്കാൻ മതവും പണവും ഉപയോഗിക്കുന്നുവെന്ന ആക്ഷേപം ഉയർന്നു. പാർട്ടിക്ക് വോട്ട് ചെയ്യുന്നവർക്ക് 15,000 ടാക്ക വാഗ്ദാനം ചെയ്തതായി നോട്ടിസുകൾ പ്രചരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും പാർട്ടി സ്ഥാനാർഥിക്ക് വോട്ട് ചെയ്താൽ ‘പാപത്തിൽ നിന്ന് മോചനം’ ലഭിക്കുമെന്നുമുള്ള വാഗ്ദാനങ്ങളും നോട്ടിസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.