
ധാക്ക: ബംഗ്ലാദേശില്‍ മുഹമ്മദ് യൂനസിന്റെ ഏകാധിപത്യ ഭരണത്തിനും ഷേഖ് ഹസീനയെ തൂക്കിലേറ്റണമെന്ന കോടതി വിധിയ്‌ക്കും എതിരെ പ്രതിഷേധവുമായി ഷേഖ് ഹസീനയുടെ അവാമി ലീഗിന്റെ പ്രവര്‍ത്തകര്‍. ഒരു വശത്ത് ഷേഖ് ഹസീനയെ തൂക്കിലേറ്റാനുള്ള വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജമാ അത്തെ പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. ഇതോടെ ഇരുപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ബംഗ്ലാദേശിനെ ആഭ്യന്തരകലാപത്തിലേക്ക് തള്ളിവിടുമെന്ന് കരുതപ്പെടുന്നു.
ഷേഖ് ഹസീനയെ തൂക്കിലേറ്റാനുള്ള കോടതി വിധി നിമയവിരുദ്ധമാണെന്നും യൂനസ് ഫാസിസ്റ്റാണെന്നും ആരോപിച്ച് നവമ്പര്‍ 30 വരെ ബംഗ്ലാദേശിലെ വിവിധ ജില്ലകളില്‍ പ്രതിഷേധപ്രകടനങ്ങള്‍ സംഘടിപ്പിക്കാനാണ് അവാമി ലീഗിന്റെ തീരുമാനം. ഇന്‍റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണലിന്റെ വിധി നടപ്പാക്കാന്‍ ഷേഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് രണ്ട് തവണ ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പക്ഷെ ഷേഖ് ഹസീനയെ എന്ത് പ്രകോപനമുണ്ടായാലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഇന്ത്യ.
“കയ്യൂക്കുകൊണ്ട് അനധികൃതമായി അധികാരം പിടിച്ചെടുത്ത കൊലയാളി ഫാഷിസ്റ്റായ മുഹമ്മദ് യൂനസ് രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നു. ഒപ്പം ഷേഖ് ഹസീനയെ തൂക്കിലേറ്റാനുള്ള ഇന്‍റര്‍നാഷണല്‍ ക്രൈം ട്രിബ്യൂണലിന്റെ വിധി തള്ളിക്കളയുന്നു”. – ഷേഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗ് എക്സില്‍ പങ്കുവെച്ച പോസ്റ്റാണിത്.
എന്തായാലും വരും നാളുകളില്‍ ബംഗ്ലാദേശ് രക്ഷരൂക്ഷിതമായ ആഭ്യന്തരകലാപത്തിന് വഴിവെയ്‌ക്കും. ഇതിനോട് യൂനസ് സര്‍ക്കാര്‍ എങ്ങിനെ പ്രതികരിക്കും? അമേരിക്കയും പാകിസ്ഥാനും ചൈനയും തുര്‍ക്കിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എങ്ങിനെ പ്രതികരിക്കും എന്നതും നിര്‍ണ്ണായകമാണ്. എന്തായാലും ഷേഖ് ഹസീനയെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകുക എന്ന തലവേദനപിടിച്ച ദൗത്യമാണ് മോദി സര്‍ക്കാരിന് മുന്‍പിലുള്ളത്.