സംസ്ഥാന സർക്കാർ അവതരിപ്പിച്ചത് സാധാരണക്കാരന് ഇരുട്ടടിയാകുന്ന ജനദ്രോഹ ബജറ്റാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം പ്രതികരിച്ചു. ഭൂനികുതി സ്ലാബ് 50 ശതമാനം വർധിപ്പിച്ചത് വലിയ ആഘാതമാണ്. പാവങ്ങളെ പിഴിഞ്ഞ് കോടികൾ വരുമാനമുണ്ടാക്കാൻ തന്നെയാണ് സർക്കാർ തീരുമാനമെന്ന് ഈ നീക്കത്തിൽനിന്ന് വ്യക്തമാണ്. കഴിഞ്ഞ കാലങ്ങളിലെന്ന പോലെ ക്ഷേമ പെൻഷൻ ഒരു രൂപ പോലും വർധിപ്പിക്കാത്തത് നിരാശാജനകമാണ്. പൊള്ളയായ വാഗ്ദാനങ്ങൾ കുത്തിനിറച്ച ഒരു ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്.
ക്ഷേമ പെൻഷൻ മുടങ്ങിയിട്ടും സർക്കാർ ആശുപത്രികളിൽ മരുന്നില്ലാതെ വലഞ്ഞിട്ടും പൊതുകടം നാൽപതിനായിരം കോടിയായിട്ടും ധനസ്ഥിതി മെച്ചപ്പെട്ടു എന്ന കള്ളമാണ് ബജറ്റിന്റെ തുടക്കത്തിൽത്തന്നെ പറഞ്ഞത്. സാധാരണക്കാർക്ക് ഗുണപ്രഗദമാകുന്ന യാതൊരു പ്രഖ്യാപനവും ബജറ്റിൽ ഇല്ല.
യാതൊരു ഫലവും സമ്മാനിക്കാത്ത നവകേരള സദസ്സിന്റെ ആർഭാടത്തിന് 500 കോടി അനുവദിച്ചത് ജനദ്രോഹ നടപടിയാണ്. ജലജീവൻ മിഷന് സംസ്ഥാന വിഹിതമായി കൊടുക്കേണ്ടത് 4500 കോടിയാണ്. സംസ്ഥാന വിഹിതം കൊടുക്കാത്തത് കൊണ്ട് കേന്ദ്ര വിഹിതം കേരളത്തിന് കിട്ടിയില്ല. ജലജീവൻ മിഷൻ വർക്ക് എടുത്തവർ ആത്മഹത്യയുടെ വക്കിലാണ്. 4500 കോടി കൊടുക്കാനുണ്ട്. ഇതേപ്പറ്റിയൊന്നും ബജറ്റ് പരാമർശിക്കുന്നില്ല.
ലോക കേരള സഭകളിൽനിന്ന് ലഭിച്ച നിർദേശങ്ങളിൽ ഒന്ന് പോലും പാലിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനമില്ല. തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം സംബന്ധിച്ചോ മറ്റ് ആനുകൂല്യങ്ങൾ സംബന്ധിച്ചോ ഒന്നും പറയുന്നില്ല. സാമ്പത്തിക ഞെരുക്കം മൂലം പ്രയാസപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളെ താങ്ങി നിർത്താനുള്ള യാതൊരു പദ്ധതികളും പറഞ്ഞിട്ടില്ല. തകർന്നടിഞ്ഞ് കിടക്കുന്ന ചെറുകിട വ്യാപാര മേഖല സർക്കാറിന്റെയോ ധനകാര്യ മന്ത്രിയുടെയോ ശ്രദ്ധയിൽ പതിഞ്ഞിട്ടില്ല എന്ന് ബജറ്റ് വ്യക്തമാക്കുന്നു. ഫലത്തിൽ കേരള ജനതക്ക് യാതൊരു ഗുണവും നൽകാത്ത, നൈരാശ്യവും ദ്രോഹവും മാത്രം സമ്മാനിക്കുന്ന ബജറ്റാണിത്. പുതുതായി എന്തെങ്കിലും പ്രതീക്ഷകളെങ്കിലും പങ്കുവെക്കാൻ സാധാരണ ബജറ്റുകളിൽ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, ഈ ബജറ്റ് നിരാശ മാത്രമാണ് സമ്മാനിച്ചതെന്നും പി.എം.എ സലാം പറഞ്ഞു.