കറാച്ചി: പാകിസ്ഥാനിൽ 15 വയസ്സുള്ള ബധിരയും മൂകയുമായ ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലമായി ഇസ്ലാം മതത്തിലേക്ക് മാറ്റി ഏഴു മക്കളുടെ പിതാവായ ഒരാളുമായി വിവാഹം കഴിപ്പിച്ചെന്ന് ആരോപണം. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ കുടുംബമാണ് ഗുരുതരമായ ആരോപണം ഉയർത്തി രംഗത്തെത്തിയത്. പെൺകുട്ടിയെ ഒമ്പത് ദിവസം മുൻപ് കാണാതായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പെൺകുട്ടിയെ 50 വയസ്സിന് മുകളിലുള്ള ഒരാൾ തട്ടിക്കൊണ്ടുപോയി മതംമാറ്റം ചെയ്തതായും അവളെ വിവാഹം കഴിച്ചെന്നതായും കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തെ തുടർന്ന് പ്രദേശവാസികളും ഹിന്ദു സംഘടനകളും പ്രതിഷേധം സംഘടിപ്പിച്ചു. പെൺകുട്ടിയെ കണ്ടെത്തി കുടുംബത്തിന് തിരികെ നൽകണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
സിന്ധ് പ്രവിശ്യയിൽ ന്യൂനപക്ഷ സമുദായങ്ങളായ ഹിന്ദു, സിഖ്, ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലമായി മതംമാറ്റം ചെയ്യുകയും പിന്നീട് വിവാഹം കഴിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കുന്നു.
‘മകൾ കേൾവിയും സംസാരശേഷിയും ഇല്ലാത്തവളാണ്. അവളെ ബലമായി കൊണ്ടുപോയി വിവാഹം കഴിപ്പിച്ചു,’ എന്നാണ് പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്.പാകിസ്ഥാനിലെ ബാല്യവിവാഹ നിരോധന നിയമവും മതപരിവർത്തന സംബന്ധമായ നിയന്ത്രണങ്ങളും ഈ തരത്തിലുള്ള കേസുകളിൽ ഫലപ്രദമായി നടപ്പാക്കപ്പെടുന്നില്ലെന്നതാണ് മനുഷ്യാവകാശ പ്രവർത്തകർ ഉയർത്തുന്ന പ്രധാന വിമർശനം.