• Wed. Oct 30th, 2024

24×7 Live News

Apdin News

ബലാത്സംഗ ഭീഷണിമുഴക്കിയ ബിജെപി നേതാവിന്റെ മുഖത്തടിച്ചു; മഹിളാ കോൺഗ്രസ് നേതാവിനെ പൊലീസ് വേട്ടയാടുന്നുവെന്ന് പരാതി

Byadmin

Oct 30, 2024


ബലാത്സംഗ ഭീഷണിമുഴക്കിയ ബിജെപി നേതാവിന്റെ മുഖത്തടിച്ച മഹിളാ കോൺഗ്രസ് നേതാവിനെ യുപി പൊലീസ് വേട്ടയാടുന്നുവെന്ന് പരാതി. മഹിളാ കോൺഗ്രസ് നേതാവായി രോഷ്‌നി ജയ്‌സ്വാളാണ് ബിജെപി നേതാവായ രാജേഷ് സിങ്ങിനെ വീട്ടിൽകയറി അടിച്ചത്. നാല് വർഷത്തോളമായി രാജേഷ് സിങ് ഭീഷണി മുഴക്കുകയാണെന്ന് മഹിളാ കോൺഗ്രസ് അഖിലേന്ത്യാ അധ്യക്ഷ അൽകാ ലംബ ആരോപിച്ചു.

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥി കൂട്ട ബലാത്സംഗത്തിനിരയായി. ബിജെപി നേതാക്കളായിരുന്നു കേസിലെ പ്രതികൾ. അവരെ വെറുതെ വിട്ടതിനെതിരെ ശബ്ദമുയർത്തിയതാണ് രോഷ്‌നി ചെയ്ത തെറ്റ്. ഉത്തർപ്രദേശിലെ മുഴുവൻ സ്ത്രീകളുടെയും ശബ്ദമായാണ് രോഷ്‌നി സംസാരിച്ചത്. അതിന്റെ പ്രത്യാഘാതങ്ങളാണ് അവർ ഇപ്പോൾ അനുഭവിക്കുന്നതെന്നും അൽകാ ലംബ പറഞ്ഞു.

രാജേഷ് സിങ്ങിന്റെ ട്വിറ്റർ ഹാൻഡിൽ പരിശോധിച്ചാൽ സ്ത്രീകൾക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയതിന്റെ പൂർണമായ തെളിവുകൾ കിട്ടും. കഴിഞ്ഞ നാല് വർഷമായി രാജേഷ് സിങ് തുടർച്ചയായി രോഷ്‌നിയെ ഭീഷണിപ്പെടുത്തുകയാണ്. ജില്ലാ മജിസ്‌ട്രേറ്റിന് പരാതി കൊടുത്തിട്ട് പോലും നടപടിയൊന്നുമുണ്ടായില്ല.

സഹികെട്ടാണ് ഭർത്താവിനെയും സഹോദരനേയും കൂട്ടി രാജേഷ് സിങ്ങിന്റെ വീട്ടിലെത്തിയത്. പൊലീസിന്റെ നിഷ്‌ക്രിയത്വം മൂലമാണ് രോഷ്‌നിക്ക് നേരിട്ട് ഇടപെടേണ്ടിവന്നത്. രാജേഷ് സിങ്ങിനെതിരെ ഒരു നടപടിയുമെടുക്കാത്ത പൊലീസ് ഇപ്പോൾ രോഷ്‌നിയെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും അൽക ലംബ പറഞ്ഞു.

രോഷ്‌നിയുടെ ഭർത്താവിനെയും സഹോദരനെയും നാല് കുടുംബാംഗങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രോഷ്‌നിയുടെ സ്വത്ത് കണ്ടുകെട്ടാനും തീരുമാനിച്ചിട്ടുണ്ട്. തെറ്റ് ചെയ്ത രാജേഷ് സിങ് സ്വതന്ത്രനായി വിഹരിക്കുമ്പോൾ രോഷ്‌നി സിങ്ങിന് തന്റെ ഒമ്പത് വയസുകാരനായ മകനെയും മാതാപിതാക്കളെയും കൊണ്ട് അഭയം തേടി അലയേണ്ട അവസ്ഥയാണെന്നും അൽക ലംബ പറഞ്ഞു.

By admin