കറാച്ചി: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഒരു മാർക്കറ്റിന് സമീപമുണ്ടായ ബോംബ് സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ കില്ല അബ്ദുള്ള ജില്ലയിലെ ജബ്ബാർ മാർക്കറ്റിന് സമീപമാണ് ഞായറാഴ്ച സ്ഫോടനം നടന്നത്.
നിരവധി കെട്ടിടങ്ങൾക്ക് വൻ നാശനഷ്ടമുണ്ടായി. സ്ഫോടനത്തെ തുടർന്ന് നിരവധി കടകൾ തകർന്നുവെന്നും നിരവധി സ്ഥാപനങ്ങൾക്ക് തീപിടിച്ചതായും എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. അതേ സമയം സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖില അബ്ദുള്ള ഡെപ്യൂട്ടി കമ്മീഷണർ റിയാസ് ഖാൻ പറഞ്ഞു. ഫ്രോണ്ടിയർ കോർപ്സ് സൈനിക (എഫ്‌സി) കോട്ടയുടെ പിൻവശത്തെ മതിലിനടുത്താണ് ഈ മാർക്കറ്റ് സ്ഥിതി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തെ തുടർന്ന് തിരിച്ചറിയാത്ത അക്രമികളും എഫ്‌സി സൈനികരും തമ്മിൽ വെടിവയ്‌പ്പുണ്ടായി. അതേ സമയം പ്രവിശ്യയിലെ ഖുസ്ദാർ ജില്ലയിലെ നാൽ പ്രദേശത്ത് വെടിവയ്‌പ്പ് നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് ജബ്ബാർ മാർക്കറ്റിന് സമീപം സ്ഫോടനം ഉണ്ടായത്. നാൽ പ്രദേശത്തെ ഒരു ചെക്ക് പോസ്റ്റിനെ ലക്ഷ്യം വച്ചായിരുന്നു വെടിവയ്‌പ്പ്.
ഈ വെടിവയ്‌പ്പിൽ 4 ലെവി സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ ലെവികൾ ബലൂചിസ്ഥാൻ പോലുള്ള ഗ്രാമപ്രദേശങ്ങളിലും ഗോത്ര മേഖലകളിലും സുരക്ഷയ്‌ക്ക് നിയോഗിക്കപ്പെട്ട അർദ്ധസൈനിക വിഭാഗങ്ങളാണ്.