ഇസ്ലാമാബാദ്: തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ബുധനാഴ്ച നടന്ന സൈനിക അനുകൂല റാലിയിൽ പങ്കെടുത്തവർക്ക് നേരെ ബോംബാക്രമണം. മോട്ടോർ സൈക്കിളിലെത്തിയ ഒരു തീവ്രവാദി ഗ്രനേഡ് എറിഞ്ഞ് ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോലീസും ആശുപത്രി അധികൃതരും ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ട്.
ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക പോലീസ് മേധാവി മുഹമ്മദ് മലഗാനി പറഞ്ഞു.
സർക്കാർ ആണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാൻ സൈന്യത്തിന്റെ പ്രതികാര നടപടിയെ പിന്തുണച്ച് സംഘടിപ്പിച്ച ഒരു പരിപാടിയിൽ പങ്കെടുത്ത് 150 ഓളം പേർ കാറുകളിലും മോട്ടോർ സൈക്കിളുകളിലുമായി നഗരത്തിലെ ഒരു ഹോക്കി ഗ്രൗണ്ടിലേക്ക് പോവുകയായിരുന്നുവെന്ന് മുഹമ്മദ് മലഗാനി പറഞ്ഞു. ആ സമയത്ത് ഒരാൾ ഇവർക്ക് നേരെ ഗ്രനേഡ് എറിഞ്ഞു.
ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തില്ല. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് സർക്കാർ ആശുപത്രി വക്താവ് വസീം ബെഗ് പറഞ്ഞു. പക്ഷേ ബലൂച് ലിബറേഷൻ ആർമിയെയാണ് സംശയിക്കുന്നത്.
അതേ സമയം ബലൂചിസ്ഥാനിൽ പാകിസ്ഥാനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്. ബലൂചിസ്ഥാന് പാകിസ്ഥാനുമായി ഒരു ബന്ധവുമില്ലെന്ന് പറഞ്ഞുകൊണ്ട് ആളുകൾ തെരുവിലിറങ്ങിയിരിക്കുകയാണ്. ലോകത്തിന് ഇനി ഒരു നിശബ്ദ കാഴ്ചക്കാരനായി ഇരിക്കാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ട് ബലൂച് നേതാവ് മിർ യാർ ബലൂച് പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
ബലൂചിസ്ഥാനിലെ ജനങ്ങൾ അവരുടെ ദേശീയ വിധി നൽകിയെന്നും ലോകം ഇനി നിശബ്ദത പാലിക്കരുതെന്നും ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.