കോട്ടക്കല്‍: ബസ് ഓടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതോടെ യാത്രക്കാരെ സുരക്ഷിതരാക്കി ബസ് നിര്‍ത്തിയ ഡ്രൈവര്‍ ചികിത്സക്കിടെ മരിച്ചു. പറപ്പൂര്‍ കുരിക്കള്‍ ബസാര്‍ തൊട്ടിയില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ കാദറാണ് (45) മരിച്ചത്. മഞ്ചേരി തിരൂര്‍ പാതയില്‍ ഓടുന്ന ടി.പി ബ്രദേഴ്‌സ് സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു അബ്ദുല്‍ ഖാദര്‍. കഴിഞ്ഞ ദിവസം വൈകുന്നേരം കോട്ടക്കലിന് സമീപമാണ് സംഭവമുണ്ടായത്.
കണ്ടക്ടറോട് തല കറങ്ങുന്നതായി പറഞ്ഞതിന് പിന്നാലെ ഡ്രൈവര്‍ കുഴഞ്ഞു വീഴുകയായിരുന്നു. അതിനിടെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ബസ് സുരക്ഷിതമായി നിര്‍ത്തിയിരുന്നു. കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രിയില്‍ ചികിത്സക്കിടെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ മരിക്കുകയായിരുന്നു.